പ്രമേഹബാധിതർ കോവിഡ് ബാധിച്ചാൽ കൂടുതൽ കരുതൽ പാലിക്കണമെന്ന് നേരത്തെ വിദഗ്ധർ പറഞ്ഞിരുന്നു. എന്നാൽ കോവിഡും പ്രമേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു പഠനം പുറത്തുവന്നിരിക്കുന്നു. കോവിഡ് ബാധിച്ചവരിൽ പിൽക്കാലത്ത് പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണ് എന്ന് ഗവേഷകർ കണ്ടെത്തി. കോവിഡ് സ്ഥിരീകരിച്ചവരിൽ പിന്നീട് ടൈപ് 1, ടൈപ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്.
കോവിഡ് വൈറസും പുതിയ പ്രമേഹ രോഗികളുടെ എണ്ണവുമാണ് ഗവേഷകർ പഠനവിഷയമാക്കിയത്. കോവിഡ് വൈറസ് പ്രമേഹത്തിന് കാരണമാകുന്നു എന്നു തെളിയിക്കുന്നതല്ല തങ്ങളുടെ പഠനമെന്നും മറിച്ച് സാധ്യത വർധിപ്പിക്കുന്നു എന്നതാണെന്നും ഗവേഷകർ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ച പ്രായപൂർത്തിയായവരിൽ ഒരുവർഷത്തിനുശേഷം പ്രമേഹം സ്ഥിരീകരിക്കാനുള്ള സാധ്യത പതിനേഴ് ശതമാനത്തോളമാണെന്നും ഗവേഷകർ പറഞ്ഞു.. ബ്രിട്ടീഷ് കൊളംബിയ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെയും വാൻകൂവറിലെ സെന്റ് പോൾസ് ഹോസ്പിറ്റലിലെയും ഗവേഷകരാണ് പഠനത്തിനു പിന്നിൽ. തുടർന്നാണ് കോവിഡും പ്രമേഹസാധ്യതയും തമ്മിലുള്ള അഭേദ്യമായ ബന്ധം തിരിച്ചറിഞ്ഞത്. ഇരുപത് പ്രമേഹ രോഗികളിൽ ഒരെണ്ണം കോവിഡുമായി ബന്ധപ്പെട്ടിരിക്കാം എന്നാണ് ഗവേഷകർ പറയുന്നത്.
പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന സെല്ലുകളെ നശിപ്പിക്കാൻ കോവിഡ് വൈറസിന് ശേഷിയുള്ളതുകൊണ്ട് പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്ന് നേരത്തേ ഗവേഷകർ കണ്ടെത്തിയിരുന്നു. അതിന് ആക്കം കൂട്ടുന്നതാണ് പുതിയ പഠനം. കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച്, വൈറസ് ബാധിതരിൽ ഒരുവർഷത്തിനകം ടൈപ് 2 ഡയബറ്റിസിനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഡയബറ്റിസ് സാധ്യത കൂടുതലായി കണ്ടെത്തിയത്.
പ്രമേഹം സ്ഥിരീകരിച്ച നൂറുപേരിൽ 3-5 ശതമാനവും കോവിഡ് വൈറസുമായി ബന്ധപ്പെട്ടവയാണെന്നാണ് ഗവേഷകർ പറയുന്നത്. പ്രാഥമികഘട്ടത്തിൽ ശ്വാസകോശ സംവിധാനത്തെ ബാധിക്കുന്ന കോവിഡ് വൈറസ് മറ്റ് അവയവങ്ങളെ ബാധിക്കുകയും ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. വൈറസ് ബാധിക്കുകയും ആശുപത്രി വാസം ഉൾപ്പെടെ ഗുരുതരാവസ്ഥയിലേക്ക് എത്തുകയും ചെയ്തവരിൽ പിൽക്കാലത്ത് പ്രമേഹസാധ്യത കൂടുതലാണെന്നും ഗവേഷർ കണ്ടെത്തി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചവരിൽ പ്രമേഹസാധ്യത മൂന്നിരട്ടിയോളമാണെന്നും ഗവേഷകർ പറയുന്നു.