ഉയർന്ന ഗുണനിലവാരമുള്ള പാലും പാലുത്പന്നങ്ങളും ഉത്പാദിപ്പിക്കാനും വിതരണം ചെയ്യന്നതിനുമായി ഷാർജയിൽ മലീഹ ഡയറി ഫാക്ടറി തുറന്നു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഫാക്ടറി ഉദ്ഘാടനം ചെയ്തു. ഉയർന്ന ഗുണനിലവാരവും കർശനമായ ആരോഗ്യ മാർഗനിർദേശങ്ങളും പാലിച്ചു കൊണ്ടാണ് മലീഹ ഫാക്ടറിയിൽ പാലും പാലുൽപന്നങ്ങളും നിർമിക്കുന്നത്. കഴിഞ്ഞ 65 വർഷത്തെ സ്വപ്ന പദ്ധതിയാണിതെന്നും സമൂഹത്തെ സേവിക്കാനുള്ള സമർപ്പണത്തിലൂടെ വളർന്നുവന്ന ആഗ്രഹമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെ ഏറ്റവും വലിയ എ2 കന്നുകാലി ഫാമെന്ന ഗിന്നസ് റെക്കോഡും സുൽത്താൻ ചടങ്ങിൽ സ്വീകരിച്ചു. 20ലധികം ആരോഗ്യ ഗുണങ്ങളുള്ള പാലുൽപാദിപ്പിക്കാൻ കഴിയുന്ന അപൂർവമായ എ2 ഇനത്തിൽപ്പെട്ട പശുക്കളാണ് മലീഹ ഫാമിലുള്ളത്. ഫാക്ടറി ഏതാണ്ട് 600 ടൺ ഉത്പാദന ശേഷിയോടെയാണ് പ്രവർത്തിക്കുക. 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആണ് ഫാക്ടറിയുടെ നിർമ്മാണം. ഇവിടെ പശുക്കൾക്ക് തീറ്റ നൽകുന്നതും പരിപാലിക്കുന്നതും ശുദ്ധമായി ഗുണനിലവാരം ഉറപ്പുവരുത്തിയാണ്. കൂടാതെ ഷാർജ എമിറേറ്റിൽ നടന്നുവരുന്ന ഭക്ഷ്യസുരക്ഷ പദ്ധതികളും ഷെയ്ഖ് സുൽത്താൻ വിലയിരുത്തി.

