ഷാർജ: കോവിഡ് മൂലം മനുഷ്യന് വംശനാശനം സംഭവിക്കുമോ എന്ന ആശങ്കയിൽ നിന്ന് ഒരു പുനർജ്ജനി കിട്ടിയ പോലെ പല രീതിയിലും മനുഷ്യൻ ആഘോഷിക്കുമ്പോൾ അതിന്റെ ഭാഗമായിതന്നെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയും സന്തോഷകരമായ ഒരു ഉത്സവാന്തരീക്ഷം ആണെന്ന് എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ പി കെ വെങ്ങര പറഞ്ഞു. ഓണത്തിന് വിഭവസമൃദ്ധമായ സദ്യ എന്ന് പറയുന്നതുപോലെ, വസന്തോത്സവത്തിൽ പൂക്കൾ ചിരിക്കുന്നതുപോലെ ആണ് ഈ പുസ്തകമേളയെ കാണേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ വായന ഉണ്ടോയെന്ന് ചോദിച്ചാൽ ഗൗരവതരമായ വായന ഇല്ല എന്ന് തന്നെയാണ് അഭിപ്രായം എന്നും വെറും സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയും പുസ്തകത്തിന്റെ പുറം ചട്ടയിൽ പേര് അച്ചടിച്ച് വരുന്നതിൽ അഭിരമിക്കുന്നതും സംശയം ജനിപ്പിക്കുന്നതായും കെ പി കെ വെങ്ങര പറഞ്ഞു, ഷോ കേസിൽ അർത്ഥസമ്പന്നമായ പുസ്തകങ്ങൾ ഒതുങ്ങുമ്പോൾ അതിനിടയിൽ തന്റെ പേര് അച്ചടിച്ച പുസ്‌തവും വച്ച് ആസ്വദിക്കുന്ന രീതിയിലേക്ക് എഴുത്തുമാറിപ്പോയോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഷാർജ പുസ്തകോതസവം ആവേശം ഉണ്ടാക്കുന്നത് മലയാളിസമൂഹത്തിൽ തന്നെയാണെന്ന് കവിയും അദ്ധ്യാപകനുമായ മുരളി മംഗലത്ത്. ഇന്ത്യൻ സമൂഹത്തിന്റെ നേർചിത്രമല്ല മറിച്ച്, മലയാളവും തമിഴും മാത്രമാണ് അധികം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുസ്തകപ്രകാശനത്തിനുള്ള വേദിയായി മാത്രം മേള ചുരുങ്ങുന്നത് എഴുത്തിന് വലിയ അപകടമാണെന്നും ആരോഗ്യകരമായ പ്രവണതയല്ലെന്നും മുരളി മംഗലത്ത് പറഞ്ഞു. പുസ്തക പ്രകാശനം നല്ലതാണ്, എന്നാൽ നല്ല പുസ്തകങ്ങൾ നല്ല രീതിയിൽ വരുന്നത് വളരെ പ്രധാനമാണ്, അത് എത്രത്തോളം നടക്കുന്നുണ്ട് എന്നുള്ള കാര്യത്തെ കുറിച്ച് മലയാളികൾ തന്നെ ചിന്തിക്കേണ്ടതാണ്, പ്രത്യേകിച്ച് പ്രവാസി എഴുത്തുകാർ ചന്തിക്കേണ്ടതാണ്, എഴുതിത്തുടങ്ങുമ്പോൾ തന്നെ ആദ്യത്തെ പുസ്തകം എങ്ങനെയെങ്കിലും പുറത്തിറക്കാനുള്ള വല്ലാത്ത തത്രപ്പാട് വലിയ പ്രശ്നമുണ്ടാക്കുമെന്നും ഉയർച്ചക്ക് പകരം, ഉള്ളിലെ എഴുത്തുകാരൻ മരിച്ചുപോവുമെന്നും അത് മാറ്റിയെടുത്തു എഴുത്തിനെയും വായനയെയെയും കാണണമെന്നും മുരളി മാഷ് പറഞ്ഞു. കുട്ടികളിലേക്ക് ശ്രദ്ധ എത്തുന്നില്ലെന്നും അങ്ങനെ ഒരു മാറ്റം ഉണ്ടായാൽ മാത്രമേ മേള ഗുണപരമായ രീതിയിലേക്ക് മാറുകയുള്ളൂ എന്നും മുരളി മാഷ് കൂട്ടിച്ചേർത്തു.