കൗതുക കാഴ്ച്ചയൊരുക്കി ദുബായ് ഗ്ലോബല്‍ വില്ലേജിലുള്ള വാക്‌സ് മ്യൂസിയം ഗ്ലോബല്‍ ഇന്ത്യന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജെയിംസ് കൂടല്‍ ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ വില്ലേജിലെ മെഴുകു പ്രതിമകളാണ് ഇത്തവണത്തെ മുഖ്യാകര്‍ഷണം. ഗാന്ധിജി, നരേന്ദ്ര മോദി, ബൈഡന്‍ അടക്കം 16 മഹത് വ്യക്തികളുടെ ജീവന്‍ തുടിയ്ക്കുന്ന മെഴുക് പ്രതിമകൾ ഇവിടെ ഉണ്ട്.
ഗ്ലോബല്‍ വില്ലേജിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ പവലിയന്‍. ഗുജറാത്തിലെ ബറോഡയിലെ ലക്ഷ്മി വിലാസം കൊട്ടാരത്തിന്റെ മാതൃകയിലാണ് ഇന്ത്യന്‍ പവലിയന്റെ നിര്‍മാണം. ഇന്ത്യന്‍ ഗോഥിക് ശൈലിയിലുള്ള മനോഹരമായ നിര്‍മിതിയാണ് ഇത്. ഇന്ത്യൻ പവലിയൻ നിർമാണത്തിന് നേതൃത്വം നൽകിയത് പത്തനംതിട്ട സ്വദേശിയും യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോമർ ഗ്രൂപ്പ് മേധാവിയുമായ തോമസ് മൊട്ടയ്ക്കലാണ്. രണ്ടു മാസം കൊണ്ടാണ് തോമസ് മൊട്ടയ്ക്കലിന്റെ നേതൃത്വത്തിലുള്ള കമ്പനി പവലിയന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 10000 ചതുരശ്ര മീറ്ററില്‍ ഏറ്റവും മനോഹരമായാണ് ഇന്ത്യന്‍ പവലിയന്‍ ഒരുങ്ങിയിരിക്കുന്നത്. എല്ലാ ദിവസവും ഇന്ത്യന്‍ കലകളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
വേൾഡ് മലയാളി കൗൺസിൽ അഡ്മിൻ വൈസ് പ്രസിഡന്റ് സി.യു. മത്തായി, ചാൾസ് പോൾ, ഡൊമനിക് ജോസഫ്, ശ്രീകുമാർ മാക് ഇവന്റ്സ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.