അബുദാബി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് യുഎഇയിലെത്തും. സൗദി അറേബ്യ, ഖത്തർ എന്നിവക്ക് ശേഷമാണ് ട്രംപ് അബൂദബിയിൽ എത്തുന്നത്. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി വിവിധ മേഖലകളിൽ ചർച്ചകളും പ്രധാന പ്രഖ്യാപനങ്ങളൂം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
യുഎഇ സന്ദർശിക്കുന്ന രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. 15 വർഷങ്ങൾക്ക് മുൻപാണ് അവസാനമായി ഒരു അമേരിക്കൻ പ്രസിഡന്റ് യുഎഇയിലെത്തിയത്. 2008 ജോർജ് ഡബ്ലു ബുഷ് ആണ് യുഎഇയിൽ അവസാനമെത്തിയ അമേരിക്കൻ പ്രസിഡന്റ്.
കഴിഞ്ഞ ദിവസം ട്രംപ് സൗദി സന്ദർശിച്ചിരുന്നു. സൗദി അറേബ്യയിൽ നടക്കുന്ന ഗൾഫ്-യുഎസ് ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് അദ്ദേഹം സൗദിയിലെത്തിയത്. വലിയ സ്വീകരണമാണ് സൗദിയിൽ ട്രംപിന് ലഭിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ട്രംപിനെ സ്വീകരിച്ചത്. റിയാദ് റോയൽ പാലസിലും ട്രംപിന് സ്വീകരണം ഒരുക്കിയിരുന്നു.