ക്രിസ്മസ് ആഘോഷവും പുതുവർഷാഘോഷവും ഉൾപ്പെടുന്ന ശൈത്യകാല അവധിക്ക് ശേഷം യു എ ഇയിലെ വിദ്യാലയങ്ങൾ തുറന്നു. ഡിസംബർ മൂന്നാം ആഴ്ച മുതലാണ് ശൈത്യകാല അവധി ആരംഭിച്ചത്. വിദ്യാലയങ്ങൾക്ക് 2025 ലെ ആദ്യ അധ്യയനദിവസമാണ് ഇന്ന്. ഏഷ്യൻ വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷകളുടെ കൂടി കാലമാണ്. ഇന്ത്യൻ സിലബസിലെ സ്കൂളുകൾ മൂന്നാം പാദത്തിലേക്കും പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്നവ രണ്ടാം പാദത്തിലേക്കും കടക്കും. എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ 10, 11, 12 വിദ്യാർഥികൾക്ക് ഇനി പരീക്ഷ കാലമാണ്. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി പകുതിയോടെ ആരംഭിക്കും. പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 6 മുതൽ തുടങ്ങും. കേരള പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളിൽ മാർച്ച് മൂന്നിനാണ് 10, 12 ക്ലാസുകളിലെ പരീക്ഷ. മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് മാസത്തിലാണ് നടക്കുക. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷകൾകളും മാർച്ച് മാസത്തിൽ നടക്കും. മാർച്ച് പകുതിയോടെ വീണ്ടും അവധിക്കായി അടക്കും.