ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന അവസരത്തിൽ ജാഗ്രത പുലർത്താൻ യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ നിർദ്ദേശം നൽകി. ഗാർഹിക ജീവനക്കാരെ നിയമിക്കുന്നതിനായി അനധികൃത തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക മാധ്യമ പേജുകളെയും, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും ആശ്രയിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2026 ജനുവരി 7-നാണ് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഗാർഹിക ജീവനക്കാരെ നിയമിക്കുന്നതിനായി രാജ്യത്തെ സ്ഥാപനങ്ങളും, പൗരന്മാരും, പ്രവാസികളും MoHRE അംഗീകാരം നൽകിയിട്ടുള്ള റിക്രൂട്ട്മെന്റ് ഏജൻസികളുമായി മാത്രം ബന്ധപ്പെടണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വിശ്വാസയോഗ്യമല്ലാത്ത റിക്രൂട്ട്മെന്റ് ഏജൻസികളുമായി ഇടപാടുകൾ നടത്തുന്ന അവസരത്തിൽ ഉണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങളും, ആരോഗ്യ അപകടസാധ്യതകളും സാമ്പത്തിക നഷ്ടവും ഗൗരവമായി കാണണമെന്നും MoHRE പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.

