കനത്ത വേനലില്‍ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി തുറന്ന ഇടങ്ങളില്‍ നേരിട്ട് സൂര്യപ്രകാശത്തില്‍ ജോലി ചെയ്യുന്നത് നിരോധിക്കുന്ന മധ്യാഹ്ന വിശ്രമ നിയമം ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ നടപ്പാക്കുമെന്ന് യുഎഇ മാനവശേഷി-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ ഉച്ചക്ക് 12.30 മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് ചൂടേൽക്കുന്ന തുറസായ സ്ഥലങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ല. യുഎഇയിൽ കഴിഞ്ഞ 21 വർഷമായി മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കി വരികയാണ്.
തൊഴിൽസ്ഥലങ്ങളിൽ തണൽസ്ഥലങ്ങൾ, തണുപ്പിക്കാൻ സംവിധാനം, കുടിവെള്ളം, വൈദ്യസഹായം എന്നിവ നൽകണമെന്നും നിർദേശിക്കുന്നുണ്ട്. പരിശോധനകളും ബോധവത്കരണ പരിപാടികളും ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. നിയമം ലംഘിച്ചാൽ ഒരു തൊഴിലാളിക്ക് 5,000 ദിർഹം വരെ പിഴ ചുമത്തും. ഒരേസമയം നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ പിഴ 50,000 ദിർഹം വരെയായി ഉയർത്തും. അടിയന്തര ജോലികൾക്ക് ഒഴിവ് അനുവദിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 600 590000 എന്ന നമ്പറിലോ, വെബ്‌സൈറ്റ് മുഖേനയോ, സ്മാർട്ട് ആപ്പിലൂടെയോ റിപ്പോർട്ട് ചെയ്യാം. പദ്ധതിക്ക് കഴിഞ്ഞ വർഷങ്ങളിൽ 99 ശതമാനത്തിലധികം പിന്തുണ ലഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി.