പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങിക്കഴിഞ്ഞു. ഷാർജ എമിറേറ്റ് ഒഴികെ മറ്റെല്ലായിടങ്ങളിലും വെടിക്കെട്ടുൾപ്പെടെ ഗംഭീരമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തെ ആദ്യ ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കാൻ അബുദാബിയും റാസൽഖൈമയും തയ്യാറായിക്കഴിഞ്ഞു. അബുദാബി അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന വെടിക്കെട്ട് രാത്രി 12ന് നടക്കും.റാസൽഖൈമയിൽ നാലര കിലോമീറ്റർ നീളത്തിൽ 8 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടാണ് നടക്കുക. അബൂദബിയിലെ അൽ വത്ബ ഷോഗ്രൗണ്ടിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഉന്നത സംഘാടക സമിതിയാണ് പുതുവത്സരം ആഘോഷിക്കുന്നതിനായി മെഗാ ഇവന്റുകളും ഷോകളും ഒരുക്കുന്നത്. ലേസർ ഷോ, എമിറേറ്റ്സ് ഫൗണ്ടൻ, ഗ്ലോവിങ് ടവേഴ്സ് ഗാർഡൻ, ഫെസ്റ്റിവലിന്റെ വിവിധ പവലിയനുകൾ എന്നിവിടങ്ങളിലെ പ്രത്യേക പരിപാടികളും ആഘോഷത്തിന്റെ മാറ്റുകൂട്ടും. പുതുവർഷരാവിൽ ഒരു ലക്ഷം കളർബലൂണുകൾ ആകാശത്തേക്ക് പറത്തുന്ന ദൃശ്യവിരുന്നിനും കാണികൾ സാക്ഷ്യംവഹിക്കും.
ദുബായിൽ 32 ഇടങ്ങളിലായി 45 വെടിക്കെട്ടുകളും ഒരുക്കിയിട്ടുണ്ട്. അബുദാബി കോർണിഷ്, അൽമർയ ഐലൻഡ്, ഹുദൈരിയാത്ത്, അൽഐൻ, അൽദഫ്ര ദുബൈയിൽ ബുർജ് ഖലീഫക്ക് പുറമെ, പാംജുമൈറ, ബുർജ് അൽ അറബ്, ഹത്ത, അൽ സീഫ്, ബ്ലൂ വാട്ടേഴ്സ്, ദ ബീച്ച്, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രയോഗവും ഡ്രോൺ ഷോകളും ഒരുക്കിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കാൻ പൊലീസ് പട്രോളിങും ശക്തമാക്കിയിട്ടുണ്ട്. ദുബൈയിൽ 32 ആഘോഷ വേദികളിലായി 1,300ലധികം പൊലീസിനെ പട്രോളിങിനായി വിന്യസിക്കുന്നുണ്ട്. എല്ലാ വർഷത്തേയുംപോലെ ഏറ്റവും കൂടുതൽ കാഴ്ചക്കാരെത്തുക ദുബൈയിലെ ബുർജ് ഖലീഫ പരിസരത്തെ ആഘോഷത്തിന് തന്നെയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും കൂടുതൽ പേര് എത്തുമെന്ന് കണക്കാക്കുന്ന ബുർജ് ഖലീഫയിലേക്കുള്ള ഗതാഗത നിയന്ത്രണം തുടങ്ങി.
തിങ്കളാഴ്ച ദുബൈയിലും അബൂദബിയിലും ഷാർജയിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പുതുവത്സര രാവിൽ കരിമരുന്ന് പ്രയോഗം ഉൾപ്പെടെ ആഘോഷങ്ങളെല്ലാം വേണ്ടെന്ന് വെച്ചിരിക്കുകയാണ് ഷാർജ ഭരണകൂടം. ഗാസയിൽ യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നടപടി. ഷാർജയിലെ മുഴുവൻ സ്ഥാപനങ്ങളും വ്യക്തികളും തീരുമാനത്തോട് സഹകരിക്കണമെന്നും അല്ലാത്ത പക്ഷം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.