ദുബായ്: സമയം ഇന്ന് അർധരാത്രിയിലെത്തുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ വിസ്മയക്കാഴ്ചയോടെയാണ് പുതുവർഷത്തെ വരവേൽക്കുക. നഗരത്തിൽ 30 കേന്ദ്രങ്ങളിൽ കരിമരുന്ന് പ്രയോഗം, പ്രശസ്തർ നയിക്കുന്ന കലാപരിപാടികൾ, ഗംഭീരമായ ഡ്രോൺ ഷോകൾ തുടങ്ങി വിവിധ പരിപാടികളാണ് അരങ്ങേറുന്നത്. കൂടാതെ, ദുബായ് ഫ്രെയിം, ബ്ലൂവാട്ടേഴ്സ്, ദി ബീച്ച്, ജെബിആർ, ബുർജ് അൽ അറബ് എന്നിവയുൾപ്പെടെ മറ്റ് അറിയപ്പെടുന്ന ദുബായിലെ ലാൻഡ്‌മാർക്കുകളുടെ ഒരു നിര ഈ അവസരത്തെ അടയാളപ്പെടുത്തുന്നതിനായി സ്വന്തം പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ബുര്‍ജ് ഖലീഫയിലും മറീനയിലും വര്‍ണാഭമായ ആഘോഷങ്ങളെ വരവേല്‍ക്കുന്നതിനായി ഒരു ലക്ഷം പേരെങ്കിലും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗ്ലോബല്‍ വില്ലേജിലാണെങ്കില്‍ രാത്രി എട്ടിന് ശേഷം തുടങ്ങുന്ന പുതുവത്സരപരിപാടികള്‍ പുലര്‍ച്ചെ ഒന്നര വരെ നീളും. വിവിധ ക്ലബ്ബുകളിലും ബീച്ചുകളിലുമെല്ലാമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് പുതുവത്സരത്തോട് അനുബന്ധമായി ഒരുങ്ങുന്നത്. സന്ദർശകർക്കും താമസക്കാർക്കും ബ്ലൂവാട്ടേഴ്‌സ്, ദി ബീച്ച്, ജുമയ്റാ ബീച്ച് റസിഡൻസ് എന്നിവിടങ്ങളിൽ ഡിഎസ്എഫ് ഡ്രോണുകളുടെ ലൈറ്റ് ഷോയും ആസ്വദിക്കാം. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ് ഗോൾഫ് & കൺട്രി ക്ലബ്, എമിറേറ്റ്സ് ഗോൾഫ് ക്ലബ്, മോണ്ട്‌ഗോമറി ഗോൾഫ് ക്ലബ് ദുബായ്, അറേബ്യൻ റാഞ്ചസ് ഗോൾഫ് ക്ലബ്, ടോപ്‌ഗോൾഫ് ദുബായ് എന്നിവിടങ്ങളിൽ നിരവധി പരിപാടികളും പാർട്ടികളും കരിമരുന്ന് പ്രകടനങ്ങളും നടക്കും.
പുതുവത്സരാഘോഷത്തിന്റെ തിരക്ക് കുറക്കാൻ മെട്രോ 43 മണിക്കൂർ തുടർച്ചയായി ഓടും. യാത്രക്കാർ വർധിക്കുന്നത് പരിഗണിച്ച് ദുബായ് മെട്രോയുടെ ഗ്രീൻ, റെഡ് ലൈനുകളിൽ ശനിയാഴ്ച രാവിലെ അഞ്ചുമുതൽ തുടങ്ങുന്ന സർവിസ് ജനുവരി രണ്ടിന് അർധരാത്രിവരെ തുടരും. ശനിയാഴ്ച രാവിലെ ആറുമുതൽ തിങ്കളാഴ്ച പുലർച്ചെ ഒന്നുവരെ ദുബൈ ട്രാമും സർവിസ് നടത്തും