ദുബായ് : യുഎഇ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് എഡിഷൻ യുഎഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് ജനുവരി 25ന് റാസൽഖൈമയിൽ നടക്കും. റാസൽഖൈമയിലെ അദൻ കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തിൽ വച്ചാണ് പതിനഞ്ചാമത് എഡിഷൻ യുഎഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് നടക്കുന്നത്.
ജനറൽ, കാമ്പസ് തലങ്ങളിൽ നിന്നും സ്ത്രീ പുരുഷ കാറ്റഗറികളിലായി 12 വിഭാഗങ്ങളിൽ, 82 മൽസരങ്ങളിലായി, ആയിരത്തിലധികം മൽസരാർത്ഥികൾ പങ്കെടുക്കും. സാംസ്കാരിക സമ്മേളനം, സാഹിത്യ ചർച്ചകൾ, രചന പരിശീലനം, മെൻ്റൽ വെൽനസ്, പാരൻ്റിങ് സെഷനുകൾ, മെഡിക്കൽ ക്ലിനിക്, ബുക്ക് എക്സ്ചേഞ്ച് സെൻ്റർ, കരിയർ കൗൺസിങ്ങ്, മീഡിയ വർക്ക്ഷോപ്പ്, വിവിധ പവലിയനുകൾ, വ്യത്യസ്ത സ്റ്റാളുകൾ എന്നിവ സാഹിത്യോത്സവിൻ്റെ ഭാഗമായി നടത്തും. പ്രമുഖ മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ, യുഎഇ യിലെ വിവധ മത വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്തുള്ള പ്രമുഖകർ സംബന്ധിക്കും.
കുടുംബങ്ങളിൽ നിന്ന് തുടങ്ങി 341 യൂനിറ്റുകൾ, 67 സെക്ടറുകൾ, 12 സോണുകൾ പിന്നിട്ടാണ് ദേശീയതലത്തിൽ യുഎഇ പ്രവാസി സാഹിത്യോത്സവ് സംഘടിപ്പിക്കപ്പെടുന്നത്. ഇരുപത്തിയഞ്ച് രാജ്യങ്ങളിൽ പ്രവാസി സാഹിത്യോൽസവുകൾ നടന്ന് കൊണ്ടിരിക്കുന്നു. ദുബായിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അബൂബക്കർ കേരള (ജനറൽ കൺവീനർ, സ്വാഗതസംഘം), മുഹമ്മദ് ഫബാരി(ജനറൽ സെക്രട്ടറി, ആർ എസ് സി യുഎഇ), സുഹൈൽ മാട്ടൂൽ (എക്സിക്യൂട്ടീവ് സെക്രട്ടറി, ആർ എസ് സി യുഎഇ) അസ്‌ലം കയ്യത്ത് (മീഡിയ കോ ഓർഡിനേറ്റർ) എന്നിവർ സംസാരിച്ചു.

