പുതിയ 100 ദിർഹത്തിന്റെ നോട്ട് യുഎഇ സെൻട്രൽ ബാങ്ക് (CBUAE) പുറത്തിറക്കി. പോളിമർ കൊണ്ടാണ് ഈ കറൻസി നോട്ട് നിർമ്മിച്ചിരിക്കുന്നത്, നൂതന ഡിസൈനുകളും നൂതന സുരക്ഷാ സവിശേഷതകളോടെയുമാണ് നോട്ട് നിർമ്മിച്ചിരിക്കുന്നത്.
ഇന്ന് മാർച്ച് 24 മുതൽ നിലവിലുള്ള 100 ദിർഹം നോട്ടിനൊപ്പം പുതിയ ബാങ്ക് നോട്ടും വിതരണം ചെയ്യും. സെൻട്രൽ ബാങ്കിന്റെ തേർഡ് ഇഷ്യൂവൻസ് ഓഫ് ദ നാഷണൽ കറൻസി പ്രോജക്ടിന്റെ ഭാഗമായാണ് പുതിയനോട്ട് പുറത്തിറക്കിയത്.
നിയമം ഉറപ്പുനൽകുന്ന നിലവിലുള്ള പേപ്പർ, പോളിമർ നോട്ടുകൾക്കൊപ്പം പുതിയ നോട്ടുകളുടെ സുഗമമായ സ്വീകാര്യത ഉറപ്പാക്കാൻ രാജ്യത്തെ ബാങ്കുകൾ, എക്സ്‌ചേഞ്ച് സ്ഥാപനങ്ങൾ, എടിഎം യന്ത്രങ്ങൾ എന്നിവിടങ്ങളിൽ നേരത്തെ നിർദേശം നൽകിയിരുന്നു. പുതിയവ പോളിമർ നോട്ടുകൾ ആയതുകൊണ്ടുതന്നെ പരമ്പരാഗത കറൻസി നോട്ടുകളെ അപേക്ഷിച്ച് കൂടുതൽ കാലം ഈടുനിൽക്കും. അന്ധർക്ക് നോട്ട് തിരിച്ചറിയാൻ ബ്രെയ്ൽ ലിപിയിലും മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയനോട്ടിന്റെ മുൻവശത്ത് ഉമ്മുൽഖുവൈൻ നാഷണൽ ഫോർട്ടിന്റെയും മറുവശത്ത് ഫുജൈറ തുറമുഖത്തിന്റെയും ഇത്തിഹാദ് റെയിലിന്റെയും ചിത്രങ്ങളാണുള്ളത്. യുഎഇയുടെ പൈതൃകത്തെ ആദരിക്കുന്നതിനൊപ്പം സമൃദ്ധമായ ഭാവിയിലേക്കുള്ള കുതിപ്പാണ് നോട്ടിന്റെ രൂപകല്പനയിൽ വ്യക്തമാകുന്നത് എന്നും പെരുന്നാളിനോട് അനുബന്ധിച്ച് പുതിയ കറൻസി നോട്ട് പുറത്തിറക്കിയതിൽ സന്തോഷമുണ്ടെന്നും സിബിയുഎഇ ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ പറഞ്ഞു.

