ചരിത്രത്തിൽ ആദ്യമായി ഒരു അറബ് രാഷ്ട്രപ്രതിനിധി ദീർഘകാല ബഹിരാകാശ യാത്രക്ക് പുറപ്പെട്ടു. സുൽത്താൻ അൽ നിയാദി എന്ന യു.എ.ഇ ബഹിരാകാശ യാത്രികൻ ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്നാണ് സ്പേസ് എക്‌സ് റോക്കറ്റിൽ ചരിത്രത്തിലേക്ക് പറന്നുയർന്നത്. യുഎഇയുടെ സ്‌പേസ് എക്സ് ക്രൂ–6ൽ ആണ് സുൽത്താൻ അൽ നെയാദി ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. ‘സായിദ് ആംബിഷൻ 2’ എന്നു പേരിട്ടിരിക്കുന്ന ദൗത്യം യുഎഇ സമയം രാവിലെ 9.34നാണ് വിക്ഷേപണം നടന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നുള്ള ലോഞ്ച് കോംപ്ലക്‌സ് 39 എയിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ഡ്രാഗൺ ബഹിരാകാശ പേടകം വിക്ഷേപിച്ചത്. യു.എ.ഇ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിൽ പ്രമുഖരടക്കം വിക്ഷേപണത്തിനെറ തത്സമയ കാഴ്ചകൾ കാണാനെത്തി.
ആറു മാസം നീളുന്ന ബഹിരാകാശ ദൗത്യ സംഘത്തിൽ യുഎഇയുടെ സുൽത്താൻ അൽ നെയാദിക്കൊപ്പം അമേരിക്കയുടെ സ്റ്റീഫൻ ബോവെൻ, വാറൻ ഹൊബർഗ്, റഷ്യയുടെ ആൻഡ്രി ഫെഡ്‌യേവ് എന്നിവരുമുണ്ട്. ബഹിരാകാശ നിലയത്തിൽ 200ലേറെ ശാസ്ത്ര പരീക്ഷണങ്ങൾക്ക് നടത്തും. ഇതിൽ 20 എണ്ണത്തിന് അൽനെയാദി നേതൃത്വം നൽകും. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും. ഇവയിൽ 20 പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ് നിർവഹിക്കുക. ദൗത്യം പ്രധാനമായും മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര യാത്രകൾക്കായി തയാറെടുക്കാൻ സഹായിക്കാനുള്ളതാണ്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.45ന് വിക്ഷേപിക്കേണ്ട പദ്ധതി സാങ്കേതിക കാരണങ്ങളാൽ അവസാന നിമിഷം മാറ്റിവച്ചിരുന്നു. ബഹിരാകാശ പേടകത്തെ മുകളിലേക്ക് ഉയർത്താൻ ആവശ്യമായ ജ്വലനത്തിന് സഹായിക്കുന്ന ടീ ടെബ് കൃത്യമായി പ്രവർത്തിക്കാതിരുന്നതാണ് വിക്ഷേപണം മാറ്റിവയ്ക്കാൻ കാരണം. ടീ ടെബിലെ തകരാറുള്ള ക്ലോഗ്ഡ് ഫിൽട്ടർ മാറ്റി സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചതായി സ്പേസ് എക്സും നാസയും അറിയിച്ചിരുന്നു.