ദുബൈയിലെ ഗതാഗത മേഖല വികസനത്തിന്റെ ഭാഗമായി ഷിന്ദഗയിൽ നിർമ്മാണം പൂർത്തിയായ രണ്ടു പാലങ്ങളും തുരങ്കപാതയും തുറന്നു. ഷിന്ദഗ ഇടനാഴിയിലാണ് രണ്ട് പ്രധാന പാലങ്ങളും 2.3 കിലോമീറ്ററിലധികം നീളമുള്ള ഒരു തുരങ്കപാതയും തുറന്നത്.
അൽ ഖലീജ് സ്ട്രീറ്റിലെ രണ്ട് പാലങ്ങൾക്ക് 1,825 മീറ്റർ നീളത്തോടെ ആറുവരി പാതകളുണ്ട്. ഇരു ദിശകളിലുമായി മണിക്കൂറിൽ 12,000 വാഹനങ്ങൾ സഞ്ചരിക്കാം. രണ്ട് പാലങ്ങളും ഇൻഫിനിറ്റി പാലവും അൽ ഷിന്ദഗ ടണലും വഴി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഖാലിദ് ബിൻ വലീദ് റോഡിൽ നിന്ന് അൽ മിന സ്ട്രീറ്റിലേക്ക് ഇടതുഭാഗത്തേക്ക് പോകുന്നതിനാണ് രണ്ടുവരി തുരങ്കപാത സഹായിക്കുക. 500 മീറ്റർ നീളമുള്ള ഈ തുരങ്കത്തിൽ മണിക്കൂറിൽ 3,200 വാഹനങ്ങൾ വരെ ഉൾക്കൊള്ളാൻ കഴിയും.
കാര്യക്ഷമത, ഗതാഗത സുരക്ഷ എന്നിവ വർധിപ്പിക്കുന്നതിനൊപ്പം അൽ ഷിന്ദഗ ഇടനാഴിയിലൂടെ സുഗമമായ ഗതാഗതം സാധ്യമാക്കുമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു. റാശിദ് തുറമുഖത്തേക്ക് എൻട്രി, എക്സിറ്റ് പോയിന്റുകളും, പുതിയ പാലത്തിന് താഴെ കൂടുതൽ പാർക്കിങ് സ്ഥലങ്ങളും രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.