ബ്രിട്ടിഷ് ടെന്നിസ് താരം എമ്മാ റഡുകാനുവിന്റെ (22) ചിത്രം അനുമതിയില്ലാതെ പകർത്തി ഉപദ്രവിച്ചയാളെ ദുബായ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. റഡുകാനുവിൻ്റെ പരാതിയെ തുടർന്ന് ദുബായ് അധികൃതർ “സംഭവം പരിഹരിക്കാൻ അതിവേഗ നടപടി സ്വീകരിച്ചുവെന്ന് ദുബായ് എമിറേറ്റിൻ്റെ മീഡിയ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. ദുബായ് ടെന്നിസ് ചാംപ്യൻഷിപ്പിനിടെയായിരുന്നു സംഭവം. യുഎഇയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവാണ് മോശമായി പെരുമാറിയത്
എമ്മയുടെ പരാതിയെ തുടർന്ന് നടപടി സ്വീകരിച്ചതായി ദുബായ് പൊലീസ് അറിയിച്ചു. യുവാവ് എമ്മയ്ക്ക് കുറിപ്പ് നൽകുകയും അനുമതിയില്ലാതെ അവരുടെ ചിത്രം എടുക്കുകയുമായിരുന്നു. ഇത് താരത്തിന് മനോവിഷമമുണ്ടാക്കിയതായി ദുബായ് മീഡിയ ഓഫിസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ 18ന് കരോലിന മുച്ചോവയ്‌ക്കെതിരായ രണ്ടാം റൗണ്ട് മത്സരത്തിനിടെ എമ്മ ചെയർ അംപയറെ പരാതിയുമായി സമീപിച്ചു. ടൂർണമെന്റ് സംഘാടകർ യുവാവിനെ പുറത്താക്കി. 2021 ലെ യുഎസ് ഓപൺ ചാംപ്യനാണ് എമ്മ. ഉപദ്രവിച്ചയാളെ എല്ലാ ഡബ്ല്യുടിഎ ഇവന്റുകളിൽ നിന്നും വിലക്കുകയും ചെയ്തു. എമ്മിയിൽ നിന്ന് അകലം പാലിക്കാനുള്ള ഔപചാരിക ഉടമ്പടിയിലും ഇയാൾ ഒപ്പുവച്ചു. തനിക്ക് നൽകിയ പിന്തുണയ്‌ക്ക് ആരാധകർക്ക് താരം നന്ദി പറഞ്ഞു. സംഭവം മാനസിക വിഷമമുണ്ടാക്കിയെങ്കിലും ഇപ്പോൾ താൻ സാധാരണ നിലയിലെത്തിയതായി വ്യക്തമാക്കി.