യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇ സെൻട്രൽ ബാങ്ക് പുതിയ 1000 ദിർഹം കറൻസി നോട്ട് പുറത്തിറക്കി. 2023ന്റെ ആദ്യ പകുതിയിൽ സെൻട്രൽ ബാങ്ക് ശാഖകളിലും എടിഎമ്മുകളിലും പുതിയ നോട്ട് ലഭ്യമാകും. നിലവിലെ 1000 ദിർഹം നോട്ട് വിനിമയം തുടരും.
നൂതന രൂപകൽപ്പനകളും സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ച് പോളിമർ കൊണ്ട് നിർമിച്ച നോട്ട് നാഷനൽ കറൻസി പ്രോജക്റ്റിന്റെ മൂന്നാമത്തെ ഇഷ്യുവിൽ നാലാമത്തേതാണെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. നോട്ടിന്റെ മുൻവശത്ത് അന്തരിച്ച രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചിത്രമാണ് പ്രധാനമായും പതിച്ചിട്ടുള്ളത്. തൊട്ടടുത്ത് ഒരു ബഹിരാകാശ പേടകത്തിന്റെ മാതൃകയുമുണ്ട്. 2021-ലെ എമിറേറ്റ്സ് മാർസ് മിഷൻ ‘ഹോപ് പ്രോബ്’ യാത്രയിൽ ‘എമിറേറ്റ്‌സ് മിഷൻ ടു എക്സ്പ്ലോർ മാർസ് – ദ് ഹോപ് പ്രോബ്’ എന്ന തലക്കെട്ടിലുള്ള ചിത്രം നോട്ടിന്റെ മുകളിൽ ഷെയ്ഖ് സായിദ് ചിത്രത്തിന് ഇടതുവശത്തായി പതിച്ചിട്ടുണ്ട്.
അനുകരിക്കാൻ കഴിയാത്ത സുരക്ഷാ സംവിധാനങ്ങൾ പുതിയ കറൻസിയുടെ പ്രത്യേകതയാണെന്ന് സെൻട്രൽബാങ്ക് അധികൃതർ ചൂണ്ടിക്കാട്ടി. നേരത്തേ അഞ്ച്, പത്ത്, അമ്പത് ദിർഹമിന്റെ പോളിമർ കറൻസികൾ യു.എ.ഇ പുറത്തിറക്കിയിരുന്നു.