ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിച്ച 28ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഈ മാസം 29ന് അവസാനിക്കും. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അവസാന വിൽപന വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കുമെന്ന് അധികൃതർ വെളിപ്പെടുത്തി. മൂന്ന് ദിവസത്തെ ഡി.എസ്.എഫ് ഫൈനൽ മെഗാ സെയിലിന് ആയിരക്കണക്കിന് റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ 90 ശതമാനം വരെ കിഴിവും പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്. നഗരത്തിലുടനീളമുള്ള 2000-ലധികം സ്റ്റോറുകളിൽ 500-ലധികം ബ്രാൻഡുകളിലുള്ള ഇനങ്ങൾ ആകർഷകമായ വിലക്കിഴിവിൽ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് ഫെസ്റ്റിവലുകളിലൊന്നാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ. ഏറ്റവും വലുതും മികച്ചതും വിപുലവുമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ എഡിഷനാണ് ഇത്തവണ ഒരുക്കിയിരുന്നത്. ഉപഭോക്താക്കൾക്ക് 10 ലക്ഷം ദിർഹം, ഒരു കിലോ സ്വർണം, ഡൗൺടൗൺ ദുബൈയിൽ അപ്പാർട്മെന്റ് തുടങ്ങി നിരവധി സമ്മാനങ്ങൾ ഇത്തവണ ഒരുക്കിയിരുന്നു. ആകെ സമ്മാനങ്ങളുടെ മൂല്യം നാലു കോടി ദിർഹം വരുമെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. പ്രമോഷനുകൾ, റാഫിളുകൾ, മികച്ച ഷോപ്പിങ് ഡീലുകൾ, ആകർഷകമായ വിനോദപരിപാടികൾ,ഹോട്ടൽ ഓഫറുകൾ, സംഗീതക്കച്ചേരികളും മറ്റ് ആഘോഷങ്ങളും ഇത്തവണയും നിരവധിപേരെ ഫെസ്റ്റിവലിലേക്ക് ആകർഷിച്ചു.