ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ സിനിമയുടെ വിജയാഘോഷത്തിനായി അണിയറപ്രവർത്തകർ ദുബൈയിലെത്തി. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സന്ദീപ് പ്രദീപ്, നരേൻ, ബിനു പപ്പു, നിർമാതാവ് എം.ആർ.കെ ജയറാം, പ്രൊഡക്‌ഷൻ കൺട്രോളർ ഷാഫി ചെമ്മാട് എന്നിവരും ദുബായ് ദുബായ് ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തു.
വലിയ പ്രചാരണം നൽകാതിരിന്നിട്ടും എക്കോ വൻ വിജയമായി മാറിയതിന് പിന്നിൽ പ്രേക്ഷകർ നടത്തിയ മൗത്ത് പബ്ലിസിറ്റിയാണെന്ന് സംവിധായകൻ ദിൻജിത് അയ്യത്താൻ പറഞ്ഞു. കഥാപാത്രങ്ങളിൽ അശോകനെ മാത്രമായിരുന്നു ആദ്യം തന്നെ തീരുമാനിച്ചത്. മ്ലാത്തുച്ചേടത്തി, സോയി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. മേഘാലയയിൽ നിന്നാണ് അഭിനയപരിചയമില്ലാത്ത ഈ രണ്ടുപേരെയും ഓഡിഷനിലൂടെ കണ്ടെത്തിയതെന്നും എല്ലാ അഭിനേതാക്കളും ഏറ്റവും അനുയോജ്യമായവർ തന്നെയാണെന്ന് ചിത്രം കണ്ടവർ പറയുമ്പോൾ സന്തോഷമുണ്ടെന്നും ദിൻജിത് പറഞ്ഞു.
കൂടുതൽ സെലക്ടിവായതുകൊണ്ടാണ് അധികം മലയാള സിനിമകളിൽ അഭിനയിക്കാത്തതെന്ന് നടൻ നരേൻ പറഞ്ഞു. എക്കോയിലെ ശക്തമായ കഥാപാത്രത്തെ മികച്ചരീതിയിൽ അവതരിപ്പിക്കാൻ പറ്റിയതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതുവഴി മലയാളത്തിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നരേൻ പറഞ്ഞു.
തിരക്കഥയിൽ എല്ലാം തന്നെ കൃത്യമായി എഴുതിവച്ചതിനാൽ അഭിനയിക്കുമ്പോൾ അത് പ്രചോദനമായി എന്ന് സന്ദീപ് പ്രദീപ് പറഞ്ഞു. സിനിമ ചിത്രീകരിച്ച പശ്ചാത്തലവും ഇതിന് സഹായകരമായെന്നും സന്ദീപ് പറഞ്ഞു. ഛായാഗ്രഹണത്തിലെ അവസരങ്ങള്‍ കുറയുമോ എന്ന പേടികൊണ്ടാണ് സംവിധാനത്തിലേക്ക് തിരിയാത്തതെന്ന് ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ ബാഹുൽ രമേശ് പറഞ്ഞു.
ഡോഗ് ട്രെയിനറായ കുര്യച്ചൻ എന്ന വ്യക്തിയുടെ തിരോധാനമാണ് ചിത്രത്തിന്റെ കാതൽ. കുര്യച്ചന്റെ തിരോധാനത്തിന്റെ ചുരുളഴിക്കാൻ ആ മലമുകളിലേക്ക് പലകാലങ്ങളിലായി എത്തുന്ന നിരവധി മനുഷ്യർ. അവർ പറയുന്ന കഥകളിലൂടെ ചിത്രം നിഗൂഢതകളുടെ ഒരു ലോകത്തേക്ക് തിരക്കഥാകൃത്തായ ബാഹുൽ രമേശ് കാഴ്ചക്കാരെ കൊണ്ടുപോവുന്നു. തിരക്കഥകൃത്തായ ബാഹുൽ രമേശ് തന്നെ മനോഹരമായി ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു. കാടിന്റെ വന്യത, സൗന്ദര്യം, നിഗൂഢത എന്നിവയെല്ലാം കാമറയിൽ മിഴിവോടെ ഒപ്പിയെടുത്തിട്ടുണ്ട്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ തിരക്കഥയാണ്. മനുഷ്യനും നായ്ക്കളും പ്രകൃതിയും തമ്മിലുള്ള അദൃശ്യവും അഭേദ്യവുമായ ബന്ധത്തെ യാഥാർത്ഥ്യബോധത്തോടെ ചിത്രം വരച്ചുകാട്ടുന്നു. കേരളത്തിന്റെയും കർണ്ണാടകയുടെയും അതിർത്തി പങ്കിടുന്ന വന്യസൗന്ദര്യമുള്ള ഒരു മലമ്പ്രദേശമാണ് ‘എക്കോ’യുടെ കഥാഭൂമിക. നടന്മാരായ വിനീത്, അശോകൻ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

