ബംഗളൂരുവിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനായി കർണ്ണാട സർക്കാർ സംഘം യുഎഇയിൽ എത്തി. ഫെബ്രുവരി രണ്ടാംവാരം ബംഗളൂരുവിൽ ആണ് നിക്ഷേപ ഉച്ചകോടി നടക്കുക. ഇതിനു മുന്നോടിയായി യുഎഇയിൽ നടത്തിയ എൻആർഐ ഇൻവെസ്റ്റ് സമ്മിറ്റ് ആൻഡ് ബയേഴ്സ് മീറ്റിന് മികച്ച പ്രതികരണം ലഭിച്ചതായി കർണാടക മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയും മുൻ മന്ത്രിയും നിയമനിർമാണ കൗൺസിൽ അംഗവുമായ നസീർ അഹമ്മദ് ദുബായിൽ പറഞ്ഞു.
സാങ്കേതിക വിദ്യ, ബയോടെക്, എയർസ്പേസ്, നിർമാണം തുടങ്ങി വ്യത്യസ്ത മേഖലകളിൽ വലിയവളർച്ചയ്ക്കായി കര്‍ണാടക സംസ്ഥാനം നിക്ഷേപകരെ സ്വാഗതം ചെയ്യുന്നു എന്നും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം യുഎഇയിൽ റോഡ് ഷോകൾ നടത്തിയിരുന്നുവെന്നും നസീർ അഹമ്മദ് ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബംഗളൂരുവിൽ രണ്ടാം വിമാനത്താവളവും പാശ്ചാത്യ തീരത്ത് രണ്ട് തുറമുഖങ്ങൾക്കുമായുള്ള പദ്ധതികൾ, സാറ്റലൈറ്റ് നഗരങ്ങൾ ഉൾപ്പെടെ വൻ വികസനപദ്ധതികളാണ് അവതരിപ്പിക്കുന്നതെന്ന് നസീർ അഹമ്മദ് കൂട്ടിച്ചേർത്തു. കര്‍ണാടകയിലെ രണ്ടാം വിമാനത്താവളത്തിന്റെ സ്ഥലം ഉടൻ പ്രഖ്യാപിക്കുമെന്നും കുനിഗല്‍, രാമനഗര, ബിഡദി, ഹരോഹള്ളി തുടങ്ങിയ സ്ഥലങ്ങൾ ഇപ്പോൾ പരിഗണനയിലാണ് എന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കയായി 5 കോടി രൂപയുടെ നൂതന നിക്ഷേപ അവസരങ്ങൾ ആണ് പ്രഖ്യാപിക്കുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ വികസനം നടക്കുന്ന സംസ്ഥാനമാണ് കർണാടകയെന്ന് ധനകാര്യ സെക്രട്ടറി ഡോ. പി.സി. ജാഫർ പറഞ്ഞു. കർണാടക സർക്കാറിന്‍റെ വാണിജ്യ വ്യവസായ ഡിപാർട്ട്മെന്റ് സെക്രട്ടറി രമൺദീപ് ചൗധരി, ന്യൂസ് ട്രെയിൽ ഡയറക്ടർ സിദ്ദിഖ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.