ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നടന്നുകയറി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സെൽഫി ചിത്രത്തിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്‍റെ 160ാം നിലയിലേക്ക് നടന്നു കയറിയത് അദ്ദേഹം വ്യക്തമാക്കിയത്. ബാക്ക്‌പാക്കും ഫിറ്റ്‌നസ് ഗിയറും ധരിച്ച് താഴെനിന്ന് നടത്തം തുടങ്ങുന്നതിന്‍റെ വീഡിയോയും പിന്നീട് മുകളിലെത്തിയതിന്‍റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
സാഹസികത ഇഷ്ടപ്പെടുന്ന ദുബൈ കിരീടാവകാശി 10ലേറെ പേരടങ്ങുന്ന സംഘത്തോടൊപ്പം 37മിനുട്ടും 38സെക്കൻഡും സമയമെടുത്താണ് കയറ്റം പൂർത്തിയാക്കിയത്. 2020 ഡിസംബറിൽ ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ കയറി, 828 മീറ്റർ ഉയരത്തിൽ നിന്ന് വീഡിയോ പകർത്തിയും അദ്ദേഹം അൽഭുതപ്പെടുത്തി. നിരവധിപേരാണ് ശൈഖ് ഹംദാനെ അഭിനന്ദിച്ച് സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തിയത്.