സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയും ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, പൊതു-സർക്കാർ ലൈബ്രറികളിൽ കുട്ടികളുടെ പുസ്തകങ്ങൾ വാങ്ങാൻ 25 ലക്ഷം ദിർഹം അനുവദിച്ചു. ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ പങ്കെടുക്കുന്ന പ്രസാധകരിൽ നിന്നാണ് പുസ്തകങ്ങൾ വാങ്ങുക. ലൈബ്രറികൾ അറിവിന്റെ മന്ദിരങ്ങളാണെന്ന് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. ഷാർജയിലെ വായനാസമൂഹത്തെ വളർത്തിയെടുക്കുന്നതിൽ നിർണായക തീരുമാനമായിരിക്കുമിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യശേഷിയുടെ വികസനത്തിനും വിജ്ഞാനത്തിന്റെ നവീകരണത്തിനും സഹായകരമാകുന്ന നിക്ഷേപമാണിതെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർപഴ്സൻ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. പുതിയ തലമുറയ്ക്ക് അറിവിന്റെ പുതിയ അവസരങ്ങളാണ് ഇതിലൂടെ തുറന്നു കിട്ടുകയെന്നും അവർ പറഞ്ഞു.
2024ലെ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലും ലൈബ്രറികളിലേക്ക് പുസ്തകം വാങ്ങാനായി 45 ലക്ഷം ദിർഹം ഡോ. ഷെയ്ഖ് സുൽത്താൻ അനുവദിച്ചിരുന്നു. ശാസ്ത്രം, സാഹിത്യം, ഭാഷാ കൃതികൾ ലഭ്യമാക്കി സർക്കാർ ലൈബ്രറികളെ സമ്പന്നമാക്കുന്നതിനുള്ള ഗ്രാന്റ് തുടരും.
12 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 600ലേറെ ശിൽപശാലകളും സാംസ്കാരിക പരിപാടികളും അരങ്ങേറും. 22 രാജ്യങ്ങളിൽനിന്നായി 122 അറബ്- അന്താരാഷ്ട്ര പുസ്തക പ്രസാദകരാണ് മേളയിൽ പ്രദർശനത്തിനെത്തിയിരിക്കുന്നത്. 70 രാജ്യങ്ങളിൽനിന്നായി 133 അതിഥികളും 10,24 പരിപാടികളിലായി പങ്കെടുക്കും. കൂടാതെ രാജ്യാന്തര എഴുത്തുകാരും ചിന്തകരും ഉൾപ്പെടെ 50ലേറെ പ്രഗല്ഭർ നയിക്കുന്ന 50ലധികം ശിൽപശാലകളുമുണ്ടാകും.
വായനോത്സവത്തിലേക്ക് സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. മേയ് നാലിന് വായനോത്സനം സമാപിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുമണിവരെയും വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതുമണിവരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയുമാണ് സന്ദർശന സമയം.