വായനയുടെ വസന്തം തീർത്തുകൊണ്ട് 41-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കമായി. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസ്തകോത്സവം ഉത്ഘാടനം ചെയ്തു.
പുസ്തകമേള നടക്കുന്ന ദിവസങ്ങളിൽ എമിറേറ്റിൽ നടക്കുന്നത് മഹത്തായ സാംസ്കാരിക പരിപാടിയാണെന്നും എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഷെയ്ഖ് സുൽത്താൻ ഏതാനും പവലിയനുകൾ സന്ദർശിച്ചു
95 രാജ്യങ്ങളിൽ നിന്ന് 2213 പ്രസാധകർ എത്തുന്ന പുസ്തകമേള ഷാർജ എക്സ്പോ സെന്ററിൽ 12 ദിവസം നീണ്ടു നിൽക്കും. വാക്ക് പ്രചരിപ്പിക്കുക’ എന്ന പ്രമേയത്തിലാണ് ഇക്കുറി പുസ്തകോത്സവം നടക്കുന്നത് ഇറ്റലിയാണ് ഈ വർഷത്തെ അതിഥി രാജ്യം. ആകെ 15 ലക്ഷം പുസ്തങ്ങളാണ് മേളയിൽ ഉണ്ടാവുക. ഇക്കുറി പുതിയതായി പത്ത് രാജ്യങ്ങളിലെ പ്രസാധകരും എത്തും. 1298 അറബ് പ്രസാധകർക്ക് പുറമെ 915 അന്താരാഷ്ട്ര പ്രസാധകരും പങ്കെടുക്കും. ഏറ്റവും കൂടുതൽ യു.എ.ഇയിൽ നിന്നാണ്, 339 പേർ. അറബ് ലോകത്തിന്റെ പുറത്തുനിന്ന് ഏറ്റവും കൂടുതൽ പ്രസാധകർ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്. 112 പ്രസാധകർ ആണ് എത്തുക. യു.കെയിൽ നിന്ന് 61 പ്രസാധകരും എത്തും. 1047 പരിപാടികൾ മേളയിൽ അരങ്ങേറുമ്പോൾ 57 രാജ്യങ്ങളിൽ നിന്നായി 129 അതിഥികളും മേലേക്കെത്തും.
പ്രമുഖ അറബ് എഴുത്തുകാർക്കുപുറമെ, 2022ലെ ബുക്കർ പ്രൈസ് ജേതാവും ഇന്ത്യൻ എഴുത്തുകാരിയുമായ ഗീതാഞ്ജലി ശ്രീ(ഗീതാഞ്ജലി പാണ്ഡേ), പ്രശസ്ത എഴുത്തുകാരായ ദീപക് ചോപ്ര, ലിങ്കൺ പിയേഴ്സ്, രൂപി കൗർ, പികോ അയ്യർ, മേഘൻ ഹെസ് തുടങ്ങിയവരും പ്രധാന അതിഥികളായെത്തും.
മലയാളത്തിൽനിന്ന് സാമൂഹിക, സാസ്കാരിക സിനിമ രംഗത്തെ പ്രമുഖരും പുസ്തകോത്സവത്തിന് എത്തുന്നുണ്ട്. നവംബർ അഞ്ചിന് ജി.ആർ. ഇന്ദുഗോപൻ, ആറിന് സുനിൽ പി. ഇളയിടം, നവംബർ 10ന് നടൻ ജയസൂര്യ, നവംബർ 12ന് ജോസഫ് അന്നംകുട്ടി ജോസ്, ഗായിക ഉഷ ഉതുപ്പ്, 13ന് സി.വി. ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും. രാഷ്ട്രീയ രംഗത്തുനിന്ന് കോൺഗ്രസ് നേതാവ് എം.എം. ഹസൻ, ടി.എൻ. പ്രതാപൻ എം.പി, അബ്ദുസ്സമദ് സമദാനി എം.പി, എം.കെ. മുനീർ എം.എൽ.എ, തുടങ്ങിയവരും മേളയിൽ എത്തിച്ചേരും.