തകരാറിലായ വാഹനത്തിനുള്ളിൽ കുടുങ്ങിയ രണ്ട് പേരെ ഷാർജ പോലീസ് 10 മിനിറ്റിനുള്ളിൽ രക്ഷപ്പെടുത്തിയതായി ഷാർജ പോലീസ് അറിയിച്ചു. അൽ-ബദിയ പാലത്തിൽ നിന്ന് 7 പാലത്തിലേക്ക് പോകുകയായിരുന്ന ഒരു ഇലക്ട്രിക് വാഹനം സാങ്കേതിക തകരാർ മൂലം സ്തംഭിച്ചതായി ഷാർജ പോലീസിന്റെ ഓപ്പറേഷൻ സെന്ററിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ രണ്ട് പേർ ഉണ്ടായിരുന്നു. ഡോർ ലോക്ക് ആയിപോയതിനാൽ അവർക്ക് പുറത്തിറങ്ങാനും കഴിഞ്ഞിരുന്നില്ല.
വിവരം ലഭിച്ചയുടനെപ്രത്യേക ഫീൽഡ് ടീമുകൾ സ്ഥലത്തേക്ക് വെറും പത്ത് മിനിറ്റിനുള്ളിൽ പാഞ്ഞെത്തി വാഹനത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. കൂടാതെ മറ്റു വാഹനത്തിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡ് സുരക്ഷിതമാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ആവശ്യമായ നടപടികളും സ്വീകരിച്ചിരുന്നു.