ഷാർജ മലയാളം സി എസ് ഐ പാരിഷിന്റെ ഈ വർഷത്തെ കൊയ്ത്തുത്സവം നാളെ രാവിലെ 9 മണി മുതൽ ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും. രണ്ടു വർഷത്തിന് ശേഷം വിപുലമായി നടത്തുന്ന കൊയ്ത്തുത്സവം വൈവിധ്യത്തോടെ ഗൃഹാതുരത്വം നിലനിർത്തികൊണ്ടാണ് സംഘടിപ്പിക്കുന്നത്. സഭയിലെ നിരവധി കലാകാരന്മാർ പങ്കെടുക്കുന്ന സ്റ്റേജ് പ്രോഗ്രാമുകൾ, മാജിക് ഷോ, വയലിൻ ഫ്യൂഷൻ, സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ഒരുക്കിയ വിവിധതരം സ്റ്റാളുകൾ തുടങ്ങിയവ ഉണ്ടാകും. കുട്ടികൾക്കുള്ള ഗെയിം സോൺ, ക്രിസ്ത്യൻ ഭക്തിഗാന ഗ്രൂപ്പായ ‘ആമേൻ മ്യൂസിക്’ അവതരിപ്പിക്കുന്ന ഗാനസന്ധ്യ എന്നിവയും അരങ്ങേറും. ജീവിതശൈലീ രോഗനിർണ്ണയത്തിനായുള്ള മെഡിക്കൽ ക്യാമ്പും ഇതിനോടനുബനധിച്ച് നടക്കും.
സി എസ് ഐ സഭ കഴിഞ്ഞ 25 വർഷമായി ഷാർജയിൽ പ്രവർത്തിച്ചുവരികയാണ്. നിരവധി സേവന സന്നദ്ധ പ്രവർത്തനങ്ങളും സഭ ചെയ്യുന്നുണ്ട്. റവ.ബിനോയ് എം തര്യൻ ആണ് ഇടവക വികാരി. ജനറൽ കൺവീനർമാരായ ആനന്ദ് ജെ ജോൺ, അനുപമ സുബിൻ, എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഉപകമ്മിറ്റികളും കൊയ്ത്തുത്സവത്തിനായി പ്രവർത്തിക്കുന്നുണ്ട്