43–മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 6 മുതൽ 17 വരെ ഷാർജ എക്സ്‌പോ സെന്ററിൽ നടക്കും. വായനയ്ക്കപ്പുറത്തേക്ക് 63 രാജ്യങ്ങളിൽനിന്നുള്ള 250 അതിഥികൾ നയിക്കുന്ന 1357 സാംസ്കാരിക പരിപാടികളും പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മലയാളത്തിൽ നിന്ന് കവി റഫീഖ് അഹമ്മദ് ഔദ്യോഗിക ക്ഷണിതാവാകും. ഇന്ത്യൻ എഴുത്തുകാരി ഹുമ ഖുറൈശിയും മേളയിലെ അതിഥിയായിരിക്കും.
112 രാജ്യങ്ങളിൽ നിന്ന് 2,522 പ്രസാധകരാണ് പങ്കെടുക്കുക. ഇന്ത്യയിൽ നിന്നുള്ളവരിൽ ഏറ്റവും കൂടുതൽ പ്രസാധകർ എത്തുക മലയാളത്തിൽ നിന്നാണ്. തമിഴ്, ഹിന്ദി, കന്നഡ, ഉറുദു എന്നീ ഭാഷകളിൽ നിന്നുള്ളവരാണ് മറ്റു പ്രസാധകർ. മലയാളത്തിൽനിന്നുൾപ്പെടെ 264 വിദേശപ്രസാധകരുണ്ടാകും. അറബ് മേഖലയിൽനിന്ന് 835 പ്രസാധകരുണ്ടാകും. 234 പ്രസാധകരുമായി അറബ് മേഖലയിൽ യു.എ.ഇ.യാണ് മുന്നിൽ. ഈജിപ്ത്-172, ലെബനൻ-88, സിറിയ-58 എന്നിങ്ങനെ പ്രസാധകരെത്തും. അന്താരാഷ്ട്രതലത്തിൽ 81 പ്രസാധകരുമായി യു.കെ. ഒന്നാമതും 52 പ്രസാധകരുമായി ഇന്ത്യ രണ്ടാമതുമാണ്.
12 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ വിവിധ മേഖലയിൽ ഖ്യാതി നേടിയവരും എത്തുന്നുണ്ട്. 2023 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ പ്രശസ്ത എഴുത്തുകാരൻ ജോർജി ഗോസ്‌പോഡിനോവ്, കനേഡിയൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും കോസ്മോളജിസ്റ്റുമായ പ്രഫ. ലോറൻസ് എം. ക്രൗസ്, പാക്കിസ്ഥാൻ നോവലിസ്റ്റും പാനി മർ രഹാ ഹേയുടെ രചയിതാവുമായ അംന മുഫ്തി, ബ്രിട്ടീഷ് എഴുത്തുകാരൻ താഹിർ ഷാ, ദക്ഷിണാഫ്രിക്കൻ കവിയും എഴുത്തുകാരനുമായ ഇയൻ എസ്. തോമസ്, ആഗോള ചരിത്രകാരൻ പ്രഫ. പീറ്റർ ഫ്രാങ്കോപൻ, ബ്രാൻഡി ഗിൽമോർ, ബോളിവുഡ് നടിയും എഴുത്തുകാരിയുമായ ഹുമ ഖുറേഷി തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.