ഷാർജ: പതിനാറാമത് ഷാർജ കുട്ടികളുടെ വായനോത്സവം ഏപ്രിൽ 23മുതൽ മെയ് 4 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കും. ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിൽ നാടകങ്ങൾ, സംവാദങ്ങൾ, കുട്ടികൾക്കായുള്ള കലാപരിപാടികാൾ എന്നിവയെല്ലാം ഉണ്ടാകും. പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വായനോത്സവത്തിൽ പതിവുപോലെ എഴുത്തുകാരും ചിത്രകാരന്മാരും കുട്ടികൾക്കായുള്ള പാചകവിദഗ്ധരും എല്ലാം തന്നെ ഇക്കുറിയും വായനോത്സവത്തിലെത്തും.

ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഭാര്യ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്കായി വായനോത്സവം സംഘടിപ്പിക്കുന്നത്. വായനോത്സവത്തിന്റെ ഭാഗമായി ഷാർജ ചിൽഡ്രൻസ് ബുക്ക് അവാർഡ്, ബുക്ക് ഇല്ലസ്ട്രേഷൻ അവാർഡ്, ബുക്സ് ഫോർ വിഷ്വലി ഇംപയേഡ് ചിൽഡ്രൻ അവാർഡ്, ഷാർജ ഓഡിയോ ബുക്ക് അവാർഡ് എന്നിവ പ്രഖ്യാപിക്കും. കുട്ടികളിൽ അറിവ് വർധിപ്പിക്കാൻ പുസ്തകങ്ങള്‍ നിർണായകമായ പങ്ക് വഹിക്കുന്നുണ്ടെന്നും വായന പ്രോത്സാഹിപ്പിക്കുകയാണ് വായനോത്സവത്തിന്‍റെ ലക്ഷ്യമെന്നും ഷാർജ ബുക്ക് അതോറിറ്റിയുടെ സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു.

ഷാർജ കുട്ടികളുടെ വായനോത്സവം കുട്ടികളുടെ ഭാവനയെ ഉത്തേജിപ്പിക്കുന്ന അനുഭവങ്ങൾ സൃഷ്ടിക്കുകയും അവരുടെ താൽപ്പര്യം വളർത്തുകയും അവരുടെ അറിവും അനുഭവപരിചയവും സമ്പന്നമാക്കുകയും ചെയ്യുമെന്ന് വായനോത്സവത്തിന്‍റെ ജനറൽ കോർഡിനേറ്റർ ഖൗല അൽ മുജൈനി പറഞ്ഞു.

കുട്ടികളുടെ വായനോത്സവത്തിൽ വിവിധ മേഖലകളിലെ വിദഗ്ധർ കുട്ടികള്‍ക്കായി പഠന ശാലകളും, ചെറു വർക്ക് ഷോപ്പുകളും നടത്തും. കലാ പ്രകടനങ്ങൾ, വിദഗ്‌ധരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ – വിനോദ പരിപാടികൾ എന്നിവയും ഉണ്ടാകും. കൂടാതെ ശാസ്ത്ര പരിചയം, കുക്കറി, പെയിന്റിംഗ്, ചിത്രരചന എന്നിവയെല്ലാം കുട്ടികളുടെ ഇഷ്ടാനുസരണം ചെയ്യാനുള്ള വേദി കൂടി കുട്ടികളുടെ പുസ്ത്കോത്സവത്തിൽ സംഘടിപ്പിക്കുന്നുണ്ട്.