ദുബൈ: ആറ് മാസത്തിൽ കൂടുതൽ യു.എ.ഇയുടെ പുറത്ത് തങ്ങിയ റസിഡന്റ് വിസക്കാർക്ക് റി എൻട്രി പെർമിറ്റ് അനുവദിച്ചു. ഇത് സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ് (ഐ.സി.പി) നിർദേശം പുറത്തിറക്കി. യു.എ.ഇ റസിഡന്റ് വിസയുള്ളവർ ആറ് മാസത്തിനിടയിൽ രാജ്യത്ത് പ്രവേശിക്കണമെന്നാണ് നിയമം. അല്ലാത്തപക്ഷം വിസ റദ്ദാവും. പുതിയ നിർദ്ദേശം അനുസരിച്ച് ആറ് മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയതിന്റെ പേരിൽ വിസ റദ്ദായവർക്ക് വീണ്ടും അതേ വിസയിൽ രാജ്യത്തെത്താൻ സാധിക്കും.
യു.എ.ഇയുടെ പുറത്ത് നിന്നായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. റി എൻട്രി അനുമതി ലഭിച്ച് 30 ദിവസത്തിനകം യു.എ.ഇയിൽ പ്രവേശിച്ചിരിക്കണം. രാജ്യത്തിന് പുറത്ത് താമസിക്കാനിടയായതിന്റെ കാരണവും വ്യക്തമാക്കണം. കൂടാതെ പുറത്തുനിന്ന ഓരോ 30 ദിവസത്തിനും 100 ദിർഹം പിഴ നൽകണം. ഇതിന് പുറമെ ഐ.സി.പിയുടെ നിരക്കായ 150 ദിർഹമും ഫീസായി അടക്കണം. അപേക്ഷ നിരസിച്ചാൽ 800 ദിർഹം തിരികെ ലഭിക്കും.