ഇന്ത്യൻ സംഗീതത്തിന്റെയും കലകളുടെയും മാസ്മരിക പ്രകടനം ആസ്വദിക്കാൻ ഷാർജയിൽ അരങ്ങൊരുങ്ങുന്നു. സംഗീതം, നൃത്തം, ഫാഷൻ, കലാപ്രകടനം എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള ഗാന- താള- ദൃശ്യ വിരുന്നായ “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ അരങ്ങേറും. വൈകിട്ട് 4 മണി മുതൽ രാത്രി 12മണിവരെ ഷാർജ ദ ഫ്ലാഗ് ഐലൻഡിൽ ആണ് പരിപാടി നടക്കുക എന്ന് സംഘാടകർ ആയ സ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടൈൻമെന്റ് സർവീസസ് പറഞ്ഞു.
അന്തരിച്ച പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ അനശ്വര ഗാനങ്ങളെയും സംഗീതയാത്രയെയും കോർത്തിണക്കി എസ് പി ബിയെ ആദരിക്കുന്ന ‘ടൈംലസ് എക്കോസ് ഓഫ് എസ്പിബി’ എന്ന പ്രത്യേക സംഗീതാർച്ചനയും അരങ്ങേറും. മലയാളം, തമിഴ്, തെലുങ്ക് , ഹിന്ദി ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മെലഡികളും ബോളിവുഡ് ഹിറ്റ്‌സും ഉൾപ്പെടുന്ന ഗാനസന്ധ്യക്ക് ഗായകരായ നിഖിൽ മാത്യു, വർഷ എസ്. കൃഷ്ണൻ, അഖിന എൽവർ എന്നിവർ നേതൃത്വം നൽകും.
പ്രശസ്ത ഗായകർക്കൊപ്പം വളർന്നുവരുന്ന ഗായകർക്കുകൂടി അവസരം നൽകുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടൈൻമെന്റ് സർവീസസ് സിഇഒ പദ്മ രാമചന്ദ്രൻ പറഞ്ഞു. 170 കലാകാരന്മാർ വിവിധ വിഭാഗങ്ങളിലായി പങ്കെടുക്കുമെന്നും പദ്മ രാമചന്ദ്രൻ പറഞ്ഞു. പ്രാദേശിക നർത്തരെ ഉൾപ്പെടുത്തി ബോളിവുഡ് ഡാൻസ്, കഥക് അടക്കമുള്ള ശാസ്ത്രീയ നൃത്തരൂപങ്ങളും അരങ്ങേറും.
കല, സംഗീതം, സംസ്കാരം എന്നിവയിലൂടെ ഏവരെയും ഒരുമിപ്പിക്കുന്നതാവും”രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” എന്നും പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണെന്നും പത്മ രാമചന്ദ്രൻ കൂട്ടിച്ചേർത്തു. ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ വെങ്കിടേഷൻ രാമചന്ദ്രനും പങ്കെടുത്തു.

