വേനൽ ചൂടിന് ആശ്വാസമായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചു. എന്നാൽ കനത്ത കാറ്റിലും മഴയിലും ചില ഭാഗങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. പലയിടത്തും മരങ്ങൾ കടപുഴകി വീണു. ചിലസ്ഥലങ്ങളിൽ മരങ്ങൾ വീണതോടെ ഗതാഗതവും തടസപ്പെട്ടു.ദുബായിലെ ഏതാനും പ്രദേശങ്ങളിൽ വെള്ളകെട്ടുകൾ നീക്കം ചെയ്യാൻ അടിയന്തര സേനാംഗങ്ങൾ രംഗത്തിറങ്ങിയിരുന്നു. ദ്രുതഗതിയിൽ തടസ്സങ്ങളും വെള്ളക്കെട്ടുകളും നീക്കിയതോടെ ഗതാഗതം സാധാരണ രീതിയിൽ ആയി.
കനത്ത മഴ പെയ്തതൊടെ ദുബായ് മുനിസിപ്പാലിറ്റിയുടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന് 100 എമർജൻസി റിപ്പോർട്ടുകൾ വരെ ലഭിച്ചു. സമീപപ്രദേശങ്ങളിലെ റോഡുകളിൽ മരങ്ങൾ വീണതായി 69 റിപ്പോർട്ടുകളും ശക്തമായ കാറ്റിന്റെ വേഗതയിൽ ദുബായ് പ്രധാന റോഡുകളിൽ 16 മരങ്ങൾ വീണതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ, മഴമൂലമുണ്ടായ വെള്ളക്കെട്ടുകൾ വറ്റിക്കാൻ 18 അപേക്ഷകളും മുനിസിപ്പാലിറ്റിക്ക് ലഭിച്ചു.
കാറ്റിലും മഴയിലും ദുബായ് കരാമയിൽ പ്രധാനറോഡിലും പാർക്കുകളിലും മരം കടപുഴകിയും മുറിഞ്ഞുവീണും തടസ്സം സൃഷ്ടിച്ചു. ശക്തമായ കാറ്റാണ് വീശിയടിച്ചത്. പലയിടങ്ങളിലെയും ബോർഡുകളും സാധനസാമഗ്രികളും മറ്റും കാറ്റിൽ പറന്നുപോയി. ദുബായ് അൽഖൂസിലേയും ഷാർജ റോളയിലേയും കടകമ്പോളങ്ങളുടെയും മറ്റും നെയിം ബോർഡുകൾ ഇളകി വീണു.
പൊതുജന സുരക്ഷയെ അപകടപ്പെടുത്തുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ട എന്തെങ്കിലും റിപോർട്ടുകളോ അത്യാഹിതങ്ങളോ ഉണ്ടെങ്കിൽ പ്രാഥമിക എമർജൻസി നമ്പറായ 800900-ലേയ്ക്ക് വിളിക്കാൻ ദുബായ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.