43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇക്കുറി മലയാള കവി റഫീഖ് അഹമ്മദ്, നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷി എന്നിവർ മേളയിൽ അതിഥികളായി പങ്കെടുക്കും. ഇതാദ്യമായാണ് റഫീഖ് അഹമ്മദ് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്കെത്തുന്നത്. യുകെയിൽ നിന്നുള്ള ജാനിസ് തോമസ്, ഇന്ത്യയിൽ നിന്നുള്ള വാസി ഷാ, ഫിലിപ്പീൻസിൽ നിന്നുള്ള എസ്തർ വർഗാസ് കാസ്റ്റില്ലോ. ഡോ. മിഷാൽ ഹമദ്, ഇബാ അൽ ഖത്തീബ്, ആദം ഫാത്തി, നാസർ അൽ ഒബൈർ എന്നിവരും കവിതകൾ അവതരിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് 7ന് കാവ്യസന്ധ്യ അരങ്ങേറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കവികളുടെ ഒരു പ്രമുഖ സംഘം അവരുടെ കൃതികൾ ആറ് വ്യത്യസ്ത ഭാഷകളിൽ അവതരിപ്പിക്കും.
നവംബർ ആറ് മുതൽ 17 വരെയാണ് ഷാർജ എക്സ്‌പോ സെന്ററിൽ അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുക.‘ഒരു പുസ്തകത്തിലൂടെ തുടക്കം’ എന്ന പ്രമേയത്തിലാണ് ഇക്കുറി പുസ്തകമേള നടക്കുക. മേളയുടെ എല്ലാദിവസവും രാവിലെ നടക്കുന്ന കവിയരങ്ങ് ഈവർഷത്തെ പ്രത്യേകതയായിരിക്കും. ആറ് ഭാഷകളിൽ നടക്കുന്ന കവിയരങ്ങിലാണ് മലയാളത്തിൽ നിന്ന് റഫീഖ് അഹമ്മദ് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുക. പുസ്തകമേളയിൽ എത്തുന്ന പ്രത്യേക അതിഥികളിലാണ് ഇന്ത്യൻ എഴുത്തുകാരി ഹുമ ഖുറൈഷിയേയും ഉൾപ്പെടുത്തിയിരിക്കുന്നത്.
63 രാജ്യങ്ങളിൽനിന്നുള്ള 250 അതിഥികൾ നയിക്കുന്ന 1357 സാംസ്കാരിക പരിപാടികളുണ്ടാകും. ഏത് പ്രായക്കാർക്കും അനുയോജ്യമായ പരിപാടികൾക്കായിരിക്കും ഇത്തവണ മുൻതൂക്കം നൽകുക. എല്ലാ പ്രായക്കാർക്കുമായി ഏതാണ്ട് 600 ശില്പശാലകൾ നടത്തും. ഇന്ത്യ, വിയറ്റ്‌നാം, ഒമാൻ, സ്ലോവേനിയ, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് ഉൾപ്പെടെ13 രാജ്യങ്ങളിൽ നിന്നുള്ള 17 പാചക വിദഗ്ധർ അണിനിരക്കുന്ന 47 തത്സമയ പാചക പരിപാടികൾ മേളയിലെ കുക്കറി കോർണറിൽ അരങ്ങേറും. ഇന്ത്യൻ, ബ്രിട്ടിഷ് വിഭവങ്ങൾ പരിചയപ്പെടുത്തുന്ന റൂബി ഭോഗൽ ഇവരിൽ പ്രധാനിയാണ്. 17 അന്താരാഷ്ട്ര ഷെഫുമാരുടെ നേതൃത്വത്തിൽ ലൈവ് പാചക സെഷനുകളുണ്ടാകും. 13 രാജ്യങ്ങളിൽനിന്ന് 17 ഷെഫുമാരെത്തും.
മേളയ്ക്ക് മുന്നോടിയായി നവംബർ 3 മുതൽ 5 വരെ നടക്കുന്ന 14–മത് പബ്ലിഷേഴ്സ് കോൺഫറൻസിൽ ഇന്ത്യയുൾപ്പെടെ 108 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും. 47 രാജ്യാന്തര പ്രസംഗകരും എത്തിച്ചേരും. അമേരിക്കൻ ലൈബ്രറി അസോസിയേഷനുമായി സഹകരിച്ച് നവംബർ 9 നും 10നും നടത്തുന്ന 11–മത് ഷാർജ രാജ്യാന്തര ലൈബ്രറി സമ്മേളനത്തിൽ 400 പേർ പങ്കെടുക്കും.