മിഡിലീസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ആദ്യ ഫിന്‍ടെക് സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയുമായി ഒ ഗോള്‍ഡും ബോട്ടിമും. 0.1 ഗ്രാം മുതലുള്ള സ്വര്‍ണ്ണം നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്ന പ്ലാന്‍ യു.എ.ഇ.യിലെ എട്ടര മില്ല്യന്‍ ബോട്ടിം ഉപയോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താനാകും. മെന മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്. 2023-ല്‍ ഇരു കമ്പനികളും ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുതിയ ഫീച്ചറിനു തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, സ്വര്‍ണ്ണ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച യു.എ.ഇ.യിലെ ആദ്യ ഫിന്‍ടെക് കമ്പനിയായി ബോട്ടിം മാറി.
വര്‍ഷംതോറും മൂന്ന് ശതമാനം ലാഭം ഉറപ്പാക്കും എന്നതാണ് ഇതിന്റെ സവിശേഷത. ആഗോളതലത്തിലുള്ള ലീസ് റേറ്റ് ബെഞ്ച്മാര്‍ക്കുകള്‍ അടിസ്ഥാനമാക്കിയായിരിക്കും വര്‍ഷംതോറും മൂന്ന് ശതമാനം ലാഭം ലഭ്യമാക്കുക. ഉപയോക്താക്കള്‍ക്ക് ബോട്ടിം ആപ്പിലൂടെ സ്വര്‍ണ്ണം വാങ്ങാനും വില്‍ക്കാനും ഡിജിറ്റലായി ഇടപാടുകള്‍ കൈകാര്യം ചെയ്യാനും സാധിക്കും. ഇതോടൊപ്പം തന്നെ ഡിജിറ്റല്‍ ഗോള്‍ഡ് ഏണിങ്ങിലൂടെ വരുമാനം ലഭ്യമാക്കുന്ന ഗോള്‍ഡ് ഏണിങ് (ലീസിങ്) പ്രോഗ്രാമിലേക്കും കയറാം.
ഒ ഗോള്‍ഡുമായുള്ള പങ്കാളിത്തത്തോടെ, ചെറുകിട സ്വര്‍ണ്ണ നിക്ഷേപങ്ങളെ ലളിതവും സുരക്ഷിതവുമാക്കുകയാണ് ചെയ്യുന്നതെന്നും ഇതുവഴി ആര്‍ക്കും ഇത്തരമൊരു നിക്ഷേപം തുടങ്ങാനാകുമെന്ന സാഹചര്യം ഉണ്ടായെന്നും ആസ്ട്രാ ടെക് (ബോട്ടിം) ചീഫ് ഓപറേറ്റിങ് ഓഫീസര്‍ അഹമ്മദ് മുറാദ് പറഞ്ഞു.”ചരിത്രപരമായും സാംസ്‌കാരികമായും സാമ്പത്തികമായും സ്വര്‍ണ്ണത്തിന് ഏറെ പ്രാധാന്യമുള്ള മേഖലയാണിത്. വിപണിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുപോലും, സ്വര്‍ണ്ണത്തിനുള്ള ആവശ്യകത കൂടിവരികയാണ്. ഫിനാന്‍ഷ്യല്‍ ടെക്നോളജി (fintech) രംഗത്ത് നൂതന സംവിധാനങ്ങളിലേക്ക് ബോട്ടിം ശ്രദ്ധയൂന്നുന്നുവെന്നതും യു എ ഇ യിലെ എട്ട് മില്ല്യണിലധികം വരുന്ന ഉപയോക്താക്കള്‍ക്ക് വിശ്വാസ്യയോഗ്യമായ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധതയും എടുത്തുകാണിക്കുന്നതാണ് പുതിയ പങ്കാളിത്തം”. ബോട്ടിമിന്റെ സാമ്പത്തിക സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും ജനങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ തങ്ങളുടെ ധനം കൈകാര്യം ചെയ്യാനും അഭിവൃദ്ധിപ്പെടുത്താനുമുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള മറ്റൊരു ചുവടുവെപ്പാണിത്’-അഹമ്മദ് മുറാദ് പറഞ്ഞു.
ഒരു എമിറാത്തി കമ്പനിയെന്ന നിലയ്ക്ക് ഒ ഗോള്‍ഡിന്റെ ലക്ഷ്യം സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ ഉടമസ്ഥത ലളിതവും സുരക്ഷിതവും എല്ലാ വര്‍ക്കും ലഭ്യമാക്കി മാറ്റുകയെന്നതുമാണെന്ന് സ്ഥാപകന്‍ ബന്ദര്‍ അല്‍ ഉത് മാൻ പറഞ്ഞു. ബോട്ടിം ഉപയോക്താക്കള്‍ക്കുള്ള സ്വര്‍ണ്ണ നിക്ഷേപ പദ്ധതി നിലവില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായതായും ബോട്ടിം ഇന്‍വെസ്റ്റ് എന്ന സെക്ഷനിലൂടെ പ്ലാനിലേക്ക് പ്രവേശിക്കാനാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.