ദുബായ്ന: നല്ല തിരക്കഥയും നല്ല സംവിധായകരുടെ സിനിമയും തെരഞ്ഞെടുത്താലും സിനിമ വിജയിക്കണമെന്നില്ലെന്നും സിനിമ വിജയത്തിന് ഫോർമുലയില്ലെന്നും നടൻ നിവിൻ പോളി. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പുതിയ സിനിമയായ ‘സർവ്വം മായ’ എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു നിവിൻ മനസ്സ് തുറന്നത്. സിനിമയുടെ ലാഭനഷ്ടക്കണക്കുകള്‍ പുറത്തുവിടുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ നടപടിയെയും നിവിൻ വിമർശിച്ചു. ഇത്തരം പ്രവണതകൾ തെറ്റാണെന്നും ഏവരും ഒരുമിച്ച് സിനിമയെ മുന്നോട്ടുകൊണ്ടുപോവാൻ ശ്രമിക്കുമ്പോൾ ഇത്തരം നടപടികൾ മലയാള സിനിമയെ ദോഷകരമായി ബാധിക്കുമെന്നും അത് വേണ്ട എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും നിവിന്‍ പോളി പറഞ്ഞു.

സിനിമയോടൊപ്പം സ്റ്റാർട്ട് അപ് പ്ലാറ്റുഫോമുകളും തന്റെ ഇഷ്ടമേഖലയാണെന്നും അതിന്റെ ഭാഗമായാണ് CRAV എന്ന പുതിയ സ്റ്റാർട്ട് അപ് പ്ലാറ്റുഫോമെന്നും നിവിൻ കൂട്ടിച്ചേർത്തു. സുഹൃത്ത് അജുവുമൊത്ത് ജോലി ചെയ്യുകയെന്നുളളത് എപ്പോഴും സന്തോഷമുളള കാര്യമാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് അജുവുമൊത്ത് സിനിമ ചെയ്യുന്നത്. സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കൾ ആയതിനാൽ സിനിമകളില്‍ നല്ല കെമിസ്ട്രി തോന്നാറുണ്ടെന്നും അത് സിനിമയിൽ ഗുണം ചെയ്തുവെന്നും നിവിന്‍ പറഞ്ഞു.
തന്റെ അച്ഛന്റെ അടുത്ത സുഹൃത്തും സിനിമകൾ ഒരുമിച്ച് ചെയ്തയാളുമായ അന്തരിച്ച ശ്രീനിവാസന്‍റെ കലാ സാഹിത്യ സംഭാവനകൾ ജീവിത ഗന്ധികളായതിനാലാണ് അവ കാലാതീതമായി നിലനിൽക്കുന്നതെന്നും അവയെല്ലാം അതിമഹത്തായ സന്ദേശങ്ങളാണെന്നും സംവിധായകൻ അഖിൽ സത്യൻ പറഞ്ഞു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കാലഘട്ടത്തിലൂടെയല്ല താൻ കടന്നുപോവുന്നതെന്നും “പൊളിറ്റിക്കൽ കറക്ട്നെസ്സ് ” തന്റെ സിനിമകളെയും ബാധിക്കുന്നുണ്ടെന്നും പലപ്പോഴും വിട്ടുവീഴ്ച ചെയ്യേണ്ടിവന്നിട്ടുണ്ടെന്നും അഖിൽ സത്യൻ പറഞ്ഞു.
ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചിത്രത്തിലെ നായികയായ റിയ ഷിബുവിനെ ആദ്യമായി പൊതുവേദിയിൽ അവതരിപ്പിച്ചു. നിർമ്മാതാവ് രാജീവന്‍, നായിക റിയ ഷിബു, കെ.ആർ.ജി ഗ്രൂപ്പ് ചെയർമാനും നിർമ്മാതാവുമായ കണ്ണൻ രവി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

