2024 നെ വർണ്ണാഭമായി വരവേറ്റ് യു എ ഇ. ഷാർജ എമിറേറ്റ് ഒഴികെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ലേസർ കാഴ്ച്ചകളാലും കരിമരുന്നുപ്രയോഗങ്ങളാലും ഡ്രോൺ ഷോകളോടെയും വൻ ആവേശത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. മിക്ക എമിറേറ്റുകളിലും ആഘോഷങ്ങൾ രാവേറെ നീണ്ടു. മണിക്കൂറുകൾ നീണ്ട വെടിക്കെട്ടുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഗിന്നസ് നേട്ട കരിമരുന്ന് പ്രയോഗം വിരുന്നൊരുക്കിയാണ് പുതുവര്‍ഷത്തെ റാസല്‍ഖൈമ വരവേറ്റത്. കഴിഞ്ഞ അഞ്ചുവര്‍ഷവും ഗിന്നസ് നേട്ടത്തോടെയാണ് റാസല്‍ഖൈമ പുതുവര്‍ഷത്തെ വരവേറ്റത്. 2024 നെ സ്വാഗതം ചെയ്യാൻ റാസൽ ഖൈമയിൽ ഒരുക്കിയ 1,000-ലധികം ഡ്രോണുകളുടെ പ്രദർശനവും എട്ട് മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടും രണ്ട് ഗിന്നസ് റെക്കോർഡുകൾ തകർത്തു. മൊത്തം 5.8 കിലോമീറ്റർ നീളമുള്ള ‘അക്വാറ്റിക് ഫ്ലോട്ടിംഗ് പടക്കങ്ങൾ എട്ട് മിനിറ്റ് ആണ് പൊട്ടിയത്. 2 കിലോമീറ്റർ നീളത്തിൽ 1,050 എൽഇഡി ഡ്രോണുകളുടെ പ്രദർശനവുമുണ്ടായി. അബുദാബിയിലും മണിക്കൂറുകൾ നീണ്ട വെടിക്കെട്ടാണ് നടന്നത്.
എല്ലാ വർഷത്തെയുംപോലെ ഇത്തവണയും ഏറ്റവും കൂടുതൽ കാഴ്ചക്കാരെത്തിയത് ദുബൈയിലെ ബുർജ് ഖലീഫ പരിസരത്തെ ആഘോഷത്ത് തന്നെയായിരുന്നു. ഹോട്ടലുകളെല്ലാം ദിവസങ്ങൾക്ക് മുമ്പുതന്നെ നിറഞ്ഞിരുന്നു. ബുർജ് ഖലീഫക്ക് പുറമെ ദുബായിൽ പാംജുമൈറ, ബുർജ് അൽ അറബ്, ഹത്ത, അൽ സീഫ്, ബ്ലൂ വാട്ടേഴ്സ്, ദ ബീച്ച്, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിലും കരിമരുന്ന് പ്രയോഗവും ഡ്രോൺ ഷോകളും നടന്നു.

ഗ്ലോബൽ വില്ലേജിൽ ഏഴുരാജ്യങ്ങളിലെ പുതുവർഷം പലസമയങ്ങളിൽ ആയി ആഘോഷിച്ചു. ചൈനയിൽ പുതുവർഷം പിറക്കുന്ന സമയം കണക്കാക്കി രാത്രി എട്ടുമണിക്ക് ആദ്യ പുതുവത്സര വെടിക്കെട്ട് നടന്നു. ഓരോ രാജ്യത്തെയും പുതുവത്സരപ്പിറവിയുടെ കൗണ്ട്ഡൗണും തുടർന്ന് നടന്ന കരിമരുന്ന് പ്രയോഗവും കാണാൻ പതിനായിരങ്ങളാണ് ഗ്ലോബൽ വില്ലേജിൽ ഒത്തുകൂടിയത്. വൻ തിരക്കാണ് ഗ്ലോബൽ വില്ലേജിൽ അനുഭവപ്പെട്ടത്.
ആഘോഷങ്ങൾക്കായി വന്നെത്തുന്നവർക്ക് ദുബൈയിൽ ആർ.ടി.എ പ്രത്യേക ബസ് സർവിസുകളും ഒരുക്കിയിരുന്നു. യു.എ.ഇയിലെ പ്രധാന പാർക്കുകളിലും ബീച്ചുകളിലും വിനോദകേന്ദ്രങ്ങളിലും ഞായറാഴ്ച വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച പുലർച്ച ഒരുമണിവരെ വിനോദകേന്ദ്രങ്ങളിലും പൊതുപാർക്കുകളിലും സന്ദർശനത്തിന് ദുബൈ മുനിസിപ്പാലിറ്റി അനുമതി നൽകിയിരുന്നു. അൽകൂസ് പോണ്ട് പാർക്ക്, സബീൽ പാർക്ക്, സഫാ പാർക്ക്, ഉമ്മു സുഖൈം പാർക്ക് എന്നിവിടങ്ങളിലാണ് സന്ദർശനസമയം നീട്ടിയത്. അൽ മുഷ്രിഫ് പാർക്ക്, ക്രീക്ക് പാർക്ക്, അൽ മംസർ പാർക്ക് എന്നിവിടങ്ങളിൽ സന്ദർശനസമയം നീട്ടിനൽകിയിരുന്നു .