ദുബൈയ്ക്ക് പിന്നാലെ അബുദാബിയിലും യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. അബുദാബിയിലെ താമസക്കാര്‍ക്ക് ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതലാണ് സൗജന്യ പാര്‍ക്കിങ് ലഭിക്കുക. ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച മുതല്‍ പാര്‍ക്കിങ് ഫീസ് പുനഃസ്ഥാപിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐറ്റിസി)അറിയിച്ചു. വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച രാവിലെ 7.59 വരെയാണ് സൗജന്യ പാര്‍ക്കിങ്. ഡിസംബര്‍ അഞ്ച് രാവിലെ എട്ടു മണി മുതല്‍ പാര്‍ക്കിങ് ഫീസ് പുഃനസ്ഥാപിക്കും. നിരോധിത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും ഗതാഗതം തടസ്സപ്പെടുത്തരുതെന്നും ഐറ്റിസി അറിയിച്ചു.
ദുബൈയിലും തുടര്‍ച്ചയായി നാലു ദിവസം സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പാര്‍ക്കിങ്ങിന് ഫീസ് ഈടാക്കില്ലെന്ന് ആര്‍ടിഎ അറിയിച്ചു. പതിവുപോലെ ഞായറാഴ്ച ദിവസങ്ങളിൽ സൗജന്യപാര്‍ക്കിങ് അനുവദിക്കുകയും ചെയ്യും. മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾക്ക് ഇത് ബാധകമല്ല. ശനിവരെ മെട്രോ,ട്രാം, ബസ് സർവീസുകൾക്ക് പുതിയ സമയക്രമം അനുവദിച്ചു. മെട്രോ രാവിലെ അഞ്ച് മണി മുതൽ രാത്രി ഒരു മണി വരെ സർവീസ് നടത്തും.