ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലേക്ക് 4 വർഷത്തിനുള്ളിൽ എത്തിയത് 40 ലക്ഷത്തിലേറെ പേർ.
ലോകത്തിലെ ഏറ്റവുംമനോഹരമായ കെട്ടിടമെന്ന് അറിയപ്പെടുന്നതാണ് ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ. മ്യൂസിയംതുറന്ന് നാലുവർഷത്തിനുള്ളി ഇതുവരെ സന്ദർശനം നടത്തിയത് 40 ലക്ഷത്തിലേറെ പേരാണ് .
2022 ഫെബ്രുവരി 22-നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ഉദ്ഘാടനം ചെയ്തത്. മ്യൂസിയം തുറന്നതിനുശേഷം, 423 പരിപാടികൾ, സമ്മേളനങ്ങൾ, ഫോറങ്ങൾ, സെമിനാറുകൾ എന്നിവയ്ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. AI, സുസ്ഥിര നഗരങ്ങൾ, വിദ്യാഭ്യാസത്തിന്റെ ഭാവി, ആരോഗ്യം, സമ്പദ്‌വ്യവസ്ഥ, ജോലി, സാങ്കേതികവിദ്യ തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കലകളെയും മറ്റ് നിരവധി മേഖലകളെയും ഈ പരിപാടികൾ അഭിസംബോധന ചെയ്തിട്ടുണ്ട്, ഇവയെല്ലാം മാനവികതയുടെ ക്ഷേമത്തിന് മുൻതൂക്കം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ദുബായിയുടെ പ്രമുഖ സാംസ്കാരിക ലാൻഡ്‌മാർക്കുകളിൽ ഒന്നായും ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ഒരു പ്രധാന ലക്ഷ്യസ്ഥാനമായും മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ മാറിക്കഴിഞ്ഞു.
യുഎഇ സന്ദർശന വേളയിൽ നേതാക്കൾ, ഉദ്യോഗസ്ഥർ, വിശിഷ്ട വ്യക്തികൾ എന്നിവരുടെ പ്രധാന ലക്ഷ്യസ്ഥാനമായി ഇത് മാറിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം, ലെബനൻ പ്രധാനമന്ത്രി, ടാൻസാനിയ വൈസ് പ്രസിഡന്റ്, ബെൽജിയം ഉപപ്രധാനമന്ത്രി, വിയറ്റ്നാം പ്രധാനമന്ത്രി, ലൈബീരിയ റിപ്പബ്ലിക്കിന്റെ മുൻ പ്രസിഡന്റ് എന്നിവരുൾപ്പെടെ നിരവധി അന്താരാഷ്ട്ര പ്രമുഖരെ മ്യൂസിയം സ്വാഗതം ചെയ്തിട്ടുണ്ട്.