വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ വരുമാനം കണ്ടെത്താൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് വേണ്ടി രൂപകൽപന ചെയ്ത മോംസ് ആൻഡ് വൈഫ്‌സ് മൊബൈൽ അപ്ലിക്കേഷൻ ഷാർജയിൽ പുറത്തിറക്കി. ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ എംകെ മുനീർ എം എൽ എ, സന്തോഷ് ജോർജ് കുളങ്ങര എന്നിവരുടെ സാന്നിധ്യത്തിൽ സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ആസിഫലി, മംമ്ത മോഹൻദാസ്, നവ്യ നായർ, ജുമൈല ദിൽഷാദ്, മോംസ് ആൻഡ് വൈഫ്‌സ് സിഇഒ മുഹമ്മദ് ദിൽഷാദ് എന്നിവർ ചേർന്ന് മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കി. സ്ത്രീകൾക്ക് അവരുടെ ഇഷ്ടങ്ങളെയും അഭിരുചികളെയും പ്രോത്സാഹിപ്പിക്കുന്നതിനും അവ പിന്തുടർന്ന് വരുമാനം നേടുവാനും കൂടി ലക്ഷ്യമിട്ടാണ് മോംസ് ആൻഡ് വൈഫ്‌സ് മൊബൈൽ അപ്ലിക്കേഷൻ ആരംഭിക്കുന്നത്.
“സ്ത്രീകൾക്ക് അവരുടെ കഴിവുകൾ ഏതുമാകട്ടെ അവ മാർക്കറ്റ് ചെയ്തു വരുമാനം ഉണ്ടാക്കാവുന്ന ഒരു ആഗോള സ്ത്രീ കൂട്ടായ്മയുടെ ഭാഗമാകാൻ സാധിക്കുന്ന തരത്തിൽ അവരെ സാമ്പത്തികമായ സ്വാതന്ത്ര്യത്തിലേക്കും ഉയർന്ന ജീവിത നിലവാരത്തിലേക്കും മാറ്റുക എന്നതാണ് മോംസ് ആൻഡ് വൈഫ്‌സ് മൊബൈൽ അപ്ലിക്കേഷൻ ലക്ഷ്യമാക്കുന്നതെന്ന് ‘മോംസ് ആൻഡ് വൈഫ്‌സ്’ സിഇഒ മുഹമ്മദ് ദിൽഷാദ് പറഞ്ഞു. ഇതിലൂടെ സാമ്പത്തിക നേട്ടത്തിനൊപ്പം സാമൂഹികമായ ഉന്നമനം കൂടി ലക്ഷ്യമിടുന്നുണ്ടെന്നും ഷാർജയിൽ ആപ്പ്ളികേഷൻ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ മുഹമ്മദ് ദിൽഷാദ് പറഞ്ഞു.
സിനിമാ താരങ്ങളായ രമേഷ് പിഷാരടി, അനാർക്കലി മരിക്കാർ, നേഹ നാസ്നിൻ എന്നിവർ ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. ആർ ജെ മിഥുനും രഞ്ജിനി ഹരിദാസും അവതാരകരായ പരിപാടിയിൽ ഗായികമാരായ സിതാര കൃഷ്ണകുമാറും ശിവാംഗി കൃഷ്ണകുമാറും സംഘവും ചേർന്ന് അവതരിപ്പിച്ച ഗാനങ്ങളും റംസാൻ മുഹമ്മദും സാനിയ അയ്യപ്പനും ചേർന്നവതരിപ്പിച്ച ഡാൻസും ചടങ്ങിന് മിഴിവേകി. മോംസ് ആൻഡ് വൈഫ്‌സ് അപ്പ്‌സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാണ്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി വനിതാ സമൂഹം മോംസ് ആൻഡ് വൈഫ്‌സ് നെഞ്ചിലേറ്റിക്കഴിഞ്ഞെന്നും ഭാര്യയുടെ സുഹൃത്ത് ഈ ആപ്പിന്റെ ബിസിസിനസ് സാധ്യതയെ കുറിച്ച് സംസാരിച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ പറഞ്ഞു. കുടുംബശ്രീ മന്ത്രിയായിരുന്ന കാലത്തു കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന് വേണ്ടി കിയോസ്ക് അടക്കം പലവിധ രീതികൾ പരീക്ഷിച്ചു നോക്കിയെങ്കിലും വിജയകരമായില്ല പക്ഷെ മോംസ് ആൻഡ് വൈഫ്‌സ് പോലെയുള്ള ആധുനിക സൗകര്യങ്ങൾ കുടുംബശ്രീ അടക്കമുള്ള കൂട്ടായ്മകൾക്ക് ഉപകാരപ്രദമാകുന്ന കാര്യത്തിൽ സംശയമില്ലെന്ന് കുടുംബശ്രീ മന്ത്രിയായിരുന്ന കാലത്തെ ഓർമ്മകൾ പങ്കുവെച്ചു കൊണ്ട് എംകെ മുനീർ എം എൽ എ പറഞ്ഞു. ഉള്ളിൽ ഉറങ്ങി കിടക്കുന്ന കഴിവുകളെ പല കാരണങ്ങൾ കൊണ്ട് പുറത്തേക്കെടുക്കാൻ പറ്റാതെ ഇരിക്കുന്ന ലക്ഷോപലക്ഷം സ്ത്രീകൾക്ക് ലോകത്തിന്റെ സാധ്യതകളിലേക്ക് വാതിൽ തുറക്കുന്ന മഹത്തായ ആശയം ആണ് മോംസ് ആൻഡ് വൈഫ്‌സ് എന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.