കേരള സർക്കാറിന്റെ സ്വപ്നപദ്ധതിയായ എയർകേരളയുടെ പേരിലുള്ള എയർ കേരള ഡോട്ട് കോം എന്ന ഡൊമൈൻ മലയാളി വ്യവ്യസായി അഫി അഹ്മദ് സ്വന്തമാക്കി. യുഎഇയിലെ മുന്‍നിര ട്രാവൽ കമ്പനിയായ സ്മാർട്ട് ട്രാവൽ ഏജൻസി എം.ഡിയും സ്ഥാപകനുമാണ് അഫി അഹമ്മദ്. 10 ലക്ഷം ദിർഹത്തിനാണ് (ഏതാണ്ട് 2.20 കോടി രൂപ) ഡൊമൈൻ വാങ്ങിയത്. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഡൊമൈൻ നെയിം സ്വന്തമാക്കാനുള്ള കരാറിൽ ഒപ്പുവെച്ചത്. സർക്കാർ ആവശ്യപ്പെട്ടാൽ ഡൊമൈൻ നൽകാൻ തയാറാണെന്നും അല്ലെങ്കിൽ പ്രാഥമിക നിലയില്‍ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ഒരുക്കുക തുടര്‍ന്ന് ചാര്‍ട്ടര്‍ വിമാനങ്ങളിലേക്കും അന്താരാഷ്‌ട്ര വിമാനസര്‍വീസുകളിലേക്കും നീങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഡൊമൈന്‍ സ്വന്തമാക്കിയതെന്നും അഫി അഹമ്മദ് പറഞ്ഞു. എയർ കേരള എന്ന സ്വപ്നപദ്ധതി നടപ്പാക്കണമെന്നതാണ് തന്‍റെ ആഗ്രഹം. സർക്കാർ നടപ്പാക്കുകയാണെങ്കിൽ അതിന് എല്ലാവിധ പിന്തുണയും നൽകും. എയർകേരള എന്ന പേരിൽ വിമാനസർവീസ് തുടങ്ങാൻ ആഗ്രഹിക്കുന്ന സ്വകാര്യ വ്യക്തികളുണ്ടെങ്കിൽ അവർക്കും തന്നെ സമീപിക്കാം. സ്വന്തം നിലയിൽ വിമാന സർവീസ് തുടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് സ്വന്തമായി വിമാനം ചാർട്ടർ ചെയ്തിരുന്നു. ഈ മാതൃകയിൽ ഇനിയും ചാർട്ടർ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
യു എ യിലെ പ്രമുഖ എയർപോർട്ടുകൾ ഉപയോഗിച്ചുകൊണ്ട് വളരെ ചിലവ് കുറഞ്ഞ യാത്ര വിമാനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമത്തിന് മുതിരുന്നതെന്ന് അഫി അഹമ്മദ് അറിയിച്ചു. കമ്പനി രജിസ്‌ട്രേഷനും അതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ പുരോഗമിക്കുകയാണ്. തുടര്‍ നടപടികളുടെ ഭാഗമായി വിവിധ വിമാനക്കമ്പനികളിൽ ജോലി ചെയ്തിരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ ഒരു പാനലും തയാറാക്കിയിട്ടുണ്ട്. സാധ്യതാപഠനങ്ങള്‍ക്കായി തയ്യാറാക്കുവാൻ ഒരു അന്തർദേശീയ കമ്പനിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 1971 എന്ന ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘എക്സിക്യൂട്ടീവ് ബാച്ചിലേർസ് ഡോട്ട് കോം’ എന്ന ഡൊമൈൻ സെല്ലിങ് പോർട്ടലാണ് എയർ കേരള ഡോട്ട് കോം സ്മാർട്ട് ട്രാവൽസിന്‍റെ പേരിലേക്ക് കൈമാറ്റം ചെയ്തത്. 2000 ഫെബ്രുവരിയിലാണ് എയർകേരള ഡോട്ട് കോം രജിസ്റ്റർ ചെയ്തിരുന്നതെന്നും അഫി കൂട്ടിചേർത്തു. അഭ്യന്തര വ്യോമയാന രംഗത്തെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടെങ്കിലേ അന്താരാഷ്ട്രതലത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി ലഭിക്കൂ എന്ന മുന്‍കാലങ്ങളിലെ തീരുമാനം അധികൃതര്‍ മാറ്റിയിരിക്കുന്നു. 20 വിമാനങ്ങള്‍ ഉള്ളവര്‍ക്ക് അന്താരാഷ്‌ട്ര സര്‍വീസിന് അനുമതി നല്‍കുന്ന പുതിയ തീരുമാനം നിലവില്‍ വന്ന സ്ഥിതിക്ക് വിമാന സര്‍വീസ് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനും മുന്‍കൈ എടുക്കാവുന്നതാണ്.
യു.എ.ഇയിലെ പ്രമുഖ ഇൻവെസ്റ്റ്മെന്‍റ് അഡ്വൈസറായ സക്കറിയ മുഹമ്മദാണ് ഉദ്യമത്തിന് തുടക്കമിട്ടതെന്ന് ‘1971’ സ്ഥാപകൻ സത്താർ അൽ കരൻ അറിയിച്ചു. 23 വർഷങ്ങൾ കാത്തിരുന്നുവെങ്കിലും ആ പേരിന് അർഹനായ ഒരാൾ സമീപിച്ചപ്പോൾ വിൽക്കുവാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്മാർട്ട് ട്രാവൽസ് ജനറൽ മാനേജർ സഫീർ മഹമൂദ്, 1971 പാർട്ണർ മുഹമ്മദ് അൽ അലി, എക്സിക്യൂട്ടീവ് ബാച്ചിലേഴ്‌സ് ക്രിയേറ്റീവ് ഡയറക്ടർ ശ്രീശൻ മേനോൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.