ഷാർജ: ലുലു ഗ്രൂപ്പ് ചെയർമാനും നോര്‍ക്ക-റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം എ യൂസഫലി ഷാർജ അന്തരാഷ്ട്ര പുസ്തകമേള സന്ദശിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെ ഷാർജ എക്സ്‌പോ സെന്ററിൽ ഏഴാംനമ്പർ ഹാളിലെത്തിയ അദ്ദേഹം, തന്റെ ജീവചരിത്രം പറയുന്ന ലോകത്തിലെ ഏറ്റവും വലിയ ഗ്രാഫിക് നോവലുമായി പുസ്തകോത്സവം വേദിയിൽ എത്തിയ റോഷ്ന മുഹമ്മദ് ദിലീഫിനെയും സന്ദർശിച്ചു. 430 മീറ്റർ നീളത്തിലുളള കാന്‍വാസിലാണ് എം എ യുസഫ് അലിയുടെ ജീവചരിത്രം പറയുന്ന ‘യൂസഫലി-ദ ബില്യൻ ഡോളർ ജേർണി’ എന്ന റോളിംഗ് നോവല്‍ പൂർത്തിയാക്കിയിട്ടുളളത്.
ദുബായ് കെഎംസിസി, സിറാജ്, മാതൃഭൂമി, ചിരന്തന പബ്ബിക്കേഷൻ, ഗൾഫ് മാധ്യമം തുടങ്ങിയവയുടെ സ്റ്റാളുകളിലും എം എ യൂസഫലി സന്ദർശനം നടത്തി. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹംപറഞ്ഞു. യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്റെ ആത്മകഥയായ ‘ഓര്‍മ്മചെപ്പ്’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനവും അദ്ദേഹം നിർവഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇതിഹാസം എന്ന പുസ്തകവും എം.എ.യൂസഫലി ഏറ്റുവാങ്ങി. ഒരു മണിക്കൂറോളം പുസ്തകമേളയിൽ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.