36 വർഷത്തെ ഇടവേളയ്ക്ക് ശേഷം അർജന്റീനക്ക് കിരീടം നേടിക്കൊടുത്ത ഇതിഹാസ താരം ലയണൽ മെസ്സി ഫിഫ ലോകകപ്പിനായി ഖത്തറിൽ താമസിച്ച മുറി ചെറു മ്യൂസിയം ആക്കുന്നു. അർജന്റീനയുടെ ടീം ബേസ് ക്യാംപ് ആയിരുന്ന ഖത്തർ സർവകലാശാലയിലാണ് മെസ്സി ലോകകപ്പിന്റെ 29 ദിനങ്ങളും താമസിച്ചത്. മെസ്സിയുടെ മുറി മ്യൂസിയം ആക്കുന്ന വിവരം സർവകലാശാല അധികൃതർ ട്വിറ്ററിലാണ് പ്രഖ്യാപിച്ചത്.
സർവകലാശാല അധികൃതർ പുറത്തുവിട്ട വിഡിയോയിൽ ക്യാംപിന്റെ അകത്തെയും പുറത്തെയും കാഴ്ചകൾ കാണാം. അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ് ക്യാംപ്. അർജന്റീനയുടെ ദേശീയ പതാകയുടെ നിറങ്ങളിലാണ് ക്യാംപിന്റെ പ്രവേശന കവാടങ്ങൾ. കളിക്കാരുടെ ചിത്രങ്ങൾ പതിച്ചും ചുമരിനും വാതിലുകൾക്കും അർജൻറീന ദേശീയ പതാകയും അകത്തെ ഹാളുകളിൽ അർജന്റീനയുടെ ലോകകപ്പ് ചാംപ്യൻമാരുടെ പോസ്റ്ററുകളും ഓട്ടോഗ്രാഫുകളും അർജന്റീന താരങ്ങളുടെ ജേഴ്‌സികളുമാണ് ഒട്ടിച്ചിരിക്കുന്നത്. ടീമിന് 3 സ്‌പോർട്‌സ് കോംപ്ലക്‌സുകളും പരിശീലനത്തിനായി നൽകിയിരുന്നു.
ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തോൽപിച്ചായിരുന്നു അർജൻറീന ലോക കിരീടത്തിൽ മുത്തമിട്ടത്