ഐ.ടി രംഗത്ത് കേരളം കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്താകെയുള്ള പ്രമുഖ സ്ഥാപനങ്ങളെ കൊണ്ടുവരാനും ഐ.ടി മേഖലയെ ശക്തിപ്പെടുത്താനുമാണ് സർക്കാറിന്റെ ശ്രമമെന്നും സ്റ്റാർട്ടപ്പുകൾ യുവജനങ്ങളിൽ മാറ്റംകൊണ്ടുവന്നതായും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ് മിഷന് വിദേശ രാജ്യങ്ങളില്‍ തുടങ്ങുന്ന സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങളിലെ ആദ്യകേന്ദ്രം ദുബൈയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സ്റ്റാർട്ടപ്പുകൾ ഈ സാമ്പത്തിക വർഷത്തിൽ 20,000 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആദ്യഘട്ടത്തിൽ യുഎസ്എ, യുഎഇ, ആസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇൻഫിനിറ്റി കേന്ദ്രങ്ങൾ തുറക്കുന്നത്. സ്റ്റാർട്ടപ്പുകൾ വന്നതോടെ ഈ മേഖലയിൽ മാത്രമല്ല, സമൂഹത്തിലെ യുവജനങ്ങളിലാകെ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണ്. വിദേശ കമ്പനികളിലെ മുതിർന്ന മലയാളി എക്സിക്യൂട്ടീവുകളുടെ സാന്നിധ്യവും ഐടി മേഖലയിൽ കേരളത്തിന്റെ കുതിപ്പിന് ആക്കം കൂട്ടും. ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചത് നടപ്പാക്കുന്നുവെന്നും സ്റ്റാർട്ടപ് ഇൻഫിനിറ്റി ലോകത്തെയാകെ ബന്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ ഇപ്പോഴുള്ള ഐ.ടി പാർക്കുകൾക്ക് പുറമെ രണ്ട് ഐ.ടി പാർക്കുകൾ കൂടി ആരംഭിക്കും. പുതിയ ഐ.ടി ഇടനാഴികളും തുറക്കുന്നതിനായി സ്ഥലം ഏറ്റെടുപ്പ് നടക്കുന്നു. എറണാകുളം-ആലപ്പുഴ, തിരുവനന്തപുരം-കൊല്ലം, എറണാകുളം-കൊരട്ടി, കോഴിക്കോട്-കണ്ണൂർ എന്നിവയാണ് പുതുതായി ആരംഭിക്കാനിരിക്കുന്ന നാല് ഇടനാഴികൾ. താങ്ങാവുന്ന വേതനത്തിൽ ഏറ്റവും മികച്ച പ്രതിഭകളെ ലഭിക്കുന്ന നാട് എന്നനിലയിൽ കേരളം ഏഷ്യയിൽ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ നാലാം സ്ഥാനത്തുമാണ്. സ്കൂൾ വിദ്യാർഥികൾക്കായി ഐ.ടി ഇൻക്യുബേഷൻ സെന്ററുകൾ ആരംഭിക്കും.
കേരളത്തിൽ പഠനശേഷം തൊഴിൽ നേടുന്നതിന് പകരം തൊഴിൽദാതാക്കളാവുക എന്ന വിപ്ലവകരമായ മാറ്റമുണ്ടായി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് ലോകത്തെയാകെ കേരളവുമായി ബന്ധിപ്പിക്കുകയാണ്. ഈ കാര്യത്തിൽ വലിയ പിന്തുണയാണ് യുഎഇയിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിന്റെ ഐടി രംഗത്തെ ഏത് ചുവടുവയ്പിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. അന്താരാഷ്ട സ്ഥാപനങ്ങളിലെ മലയാളി മേധാവികളുമായി ബന്ധപ്പെട്ട് ഈ കമ്പനികളുടെ സാന്നിദ്ധ്യം കേരളത്തിൽ ഉറപ്പിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. പ്രവാസി സമൂഹത്തിന് സ്റ്റാർട്ട്അപ്പ് മിഷന്റെ വിവിധ പദ്ധതികളിൽ നിക്ഷേപകൻ, സംരംഭകൻ, സ്ഥാപകൻ, വിദഗ്ധോപദേഷ്ടാവ് എന്നീ നിലകളിൽ പങ്കെടുക്കാനും അവസരമൊരുക്കും. യുഎഇയിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്ററിന്റെ പങ്കാളിയായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റുമായുള്ള ധാരണാപത്രം കെഎസ്യുഎം സിഇഒ അനൂപ് അംബിക, സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ് സ്ഥാപകന്‍ സിബി സുധാകരന് കൈമാറി.
ഞായറാഴ്ച ദുബൈ താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷത വഹിച്ചു. യു.എ.ഇയിലെ ഇന്ത്യന്‍സ്ഥാനപതി സഞ്ജയ് സുധീർ, കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക, സംസ്ഥാന ഐ.ടി സെക്രട്ടറി രത്തന്‍ യു. ഖേല്‍ക്കര്‍, ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫ് അലി, ആസ്റ്റര്‍ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ആസാദ് മൂപ്പന്, നോര്‍ക്ക റൂട്ട്സ് വൈസ്ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്, ഐ.ബി.എസ് എക്സിക്യൂട്ടിവ് ചെയര്മാന് വി.കെ. മാത്യൂസ്, നോർക്ക റൂട്ട്സ് അംഗം ഒ.വി. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.