ലോകത്തിന്റെ സാമ്പത്തിക രംഗത്തെ നിശ്ചലമാക്കുന്ന രീതിയിലേക്ക് ഇറാൻ സാമ്പത്തിക യുദ്ധത്തിലേക്ക് കടക്കുന്നതായി സൂചനകൾ.
ഹോർമുസ് കടലിടുക്ക് അടച്ചിടുന്നതോടുകൂടിലോകമാകെയുള്ള എണ്ണവിതരണത്തിൽ വ്യാപകമായ തടസ്സങ്ങൾ നേരിടും. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ, ചൈന, യൂറോപ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വ്യാപാരം നടക്കുന്നതും ഹോർമുസ് കടലിടുക്ക് വഴിയാണ്. താൽകാലികമായുണ്ടാകുന്ന തടസങ്ങൾ പോലും രാജ്യാന്തര സാമ്പത്തിക മേഖലയെ സാരമായി ബാധിക്കും. ഇതിനകം തന്നെ സുരക്ഷാ കാരണങ്ങളാൽ നിരവധി എണ്ണക്കമ്പനികൾ ഇന്ധന വിതരണം നിർത്തിവച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ജലപാത. ആഗോള പെട്രോളിയം ഉത്പന്നങ്ങളുടെ നല്ലൊരു ശതമാനവും കടന്നുപോവുന്നത് ഇതുവഴിയാണ്. പ്രതിദിനം 20 മില്ല്യൻ ബാരെൽ എണ്ണ ആണ് ഇതുവഴി കടന്നുപോവുന്നത്.
ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചതോടെ ലോകത്തെ ഇളക്കിമറിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ആയിരിക്കും ഈ തീരുമാനം കാരണമാവുക. ഒരു കപ്പലും ഹോർമുസിലൂടെ ഇനി കടന്നുപോകില്ല എന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. വടക്ക് ഇറാനും തെക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും ഒമാനും ഇടയിൽ സ്ഥിതി ചെയ്യുന്ന പേർഷ്യൻ ഗൾഫിലേക്കുള്ള പ്രവേശന കവാടത്തിലെ ഒരു ഇടുങ്ങിയ കടൽ പാതയാണ് ഹോർമുസ് കടലിടുക്ക്. അറേബ്യൻ ഉപദ്വീപിനും ഇറാനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ പാതയാണ്. ലോകത്തിലെ ഊർജ്ജത്തിന്റെ ഇരുപത് ശതമാനവും ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്.
2025ൽ പ്രതിദിനം ശരാശരി 1.67 കോടി ബാരൽ ക്രൂഡ് ഓയിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയെന്ന് കണക്ക്. സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ഇറാൻ എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇതിലൂടെ ഏഷ്യയിലേക്ക് എണ്ണ കൊണ്ടുപോയത്. കൂടാതെ ഖത്തറിൽ നിന്നുള്ള പ്രകൃതി വാതകവും ഹോർമൂസ് കടന്നുപോയി. ഗൾഫ് രാജ്യങ്ങൾക്ക് എണ്ണ വ്യാപാരം നടത്താൻ മറ്റ് സമുദ്ര വഴികളില്ലെന്നതാണ് വെല്ലുവിളി.

