അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നത് സ്ഥിരീകരിച്ച് ഖത്തര്‍. അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ അല്‍-ഉദൈദിലെ യുഎസ് താവളം ലക്ഷ്യമാക്കിയാണ് ഇറാന്റെ മിസൈല്‍ ആക്രമണം നടന്നത്. ആക്രമണം ഖത്തറും സ്ഥിരീകരിച്ചിട്ടുണ്ട്. പത്തോളം മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇറാക്കിലെ അമേരിക്കൻ താവളവും ഇറാൻ ആക്രമിച്ചതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനിടെ, ബഹ്റൈനിൽ സുരക്ഷാ സൈറൻ മുഴങ്ങി. സുരക്ഷാ സ്ഥാനങ്ങളിലിരിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. റോഡുകൾ ഉപയോഗിക്കുന്നതിൽ ഔദ്യോഗിക വാഹനങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.
അതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ആക്രമണങ്ങള്‍ക്കെതിരെ മുന്‍ കരുതലെന്ന നിലയില്‍ ഖത്തര്‍ വ്യോമപാത അടയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ സേനാതാവളമാണ് ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസ്. ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് നേരെയുള്ള ആക്രമണമാണെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും ഖത്തര്‍ അറിയിച്ചു. അതേസമയം തങ്ങള്‍ ലക്ഷ്യമിട്ടത് യുഎസ് താവളങ്ങള്‍ മാത്രമാണെന്നും ജനവാസമേഖലയില്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ഇറാന്‍ പ്രതികരിച്ചു.
ഖത്തറിലെ അമേരിക്കന്‍ താവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗതം നിലച്ചു. ഖത്തറും ബഹ്‌റൈനും കുവൈറ്റും വ്യോമപാത അടച്ചു. തുടര്‍ന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഗള്‍ഫിലെ വ്യോമഗതാഗതം നിലച്ച പശ്ചാത്തലത്തില്‍ ഈയടുത്ത് ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന യാത്രക്കാര്‍ അതത് എയര്‍ലൈന്‍ സര്‍വീസുകളുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരം വിമാനത്താവളം മുന്നറിയിപ്പ് നല്‍കി.
കൊച്ചിയില്‍ നിന്ന് നാളെ പുലര്‍ച്ചെ 4.15 ന് ഖത്തറിലേക്ക് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വേസ് സര്‍വീസ് റദ്ദ് ചെയ്തു. വൈകിട്ട് 7 ന് ഖത്തറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മസ്‌ക്കറ്റിലേക്ക് തിരിച്ചുവിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനവും തിരിച്ചുവരികയാണ്.