‘ദി സ്പാർക്ക് വിത്ത് ഇൻ ‘ എന്ന പ്രമേയത്തിൽ സിറ്റിവാക്ക്, ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ് എന്നിവയുൾപ്പെടെ നഗരത്തിന് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിരവധി ഇന്ററാക്ടീവ് ലൈറ്റ് ആർട്ട് ഇൻസ്റ്റാളേഷനുകൾ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് പുതുമ പകരുന്നു. ഡിസംബർ 15 മുതൽ 2023 ജനുവരി 29 വരെ നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി, പ്രശസ്തരായ 10 അന്താരാഷ്‌ട്ര കലാകാരന്മാരുടെ ഈ മനോഹരമായ ശേഖരം ദുബായിൽ ആദ്യമായി പ്രദർശിപ്പിക്കും.
10 ലോക പ്രശസ്തരായ കലാകാരന്മാരാണ് ഇന്ററാക്ടീവ് ലൈറ്റ് ആർട്ട് ഇൻസ്റ്റാളേഷനുകൾക്ക് പിന്നില്‍ പ്രവർത്തിച്ചിരിക്കുന്നത്. സംഗീതവും പ്രകാശവും ഒന്നിക്കുന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പിയാനോയുടെ താളത്തിന് അനുസരിച്ച് തെളിയുന്ന ലൈറ്റുകളും ഈ ആർട്ട് ഇൻസ്റ്റാളേഷനിൽ ഉൾപ്പെടുന്നുണ്ട്. ഉദ്ഘാടന ചടങ്ങിനിടെ ഇൻസ്റ്റലേഷനുകൾക്ക് മുന്നിൽ അവതാരക ലാറൂസി ഗാനം ആലപിക്കുകയും ചെയ്തു.
കണ്ണിന് കൗതുകമായി ഇരുട്ടിൽ വെളിച്ചം വീശുന്നരീതിൽ സ്വയം പ്രകാശിക്കുന്ന ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. വർണ്ണങ്ങളിലൂടെ ടൂലിപ് ചെടികള്‍ വിടർന്ന് നില്‍ക്കുന്ന കാഴ്ചയാണ് മറ്റൊന്ന്. പ്രകാശം ചേർന്ന ഒരു ചുഴലിക്കാറ്റായി വെളിച്ചത്തിന്റെ കലാസൃഷ്ടിയും ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. വെളിച്ചം വിതറി അനേകം ചെറുബള്‍ബുകള്‍ തൂക്കിയിട്ട ഇടനാഴിയാണ് സബ് മെർജ്. നയനമനോഹരമായി നിർമ്മിച്ചിരിക്കുന്ന വെളിച്ചത്തിന്റെ ഒരു കൂടും ഏറെ ആകർഷണമാണ്. പങ്കാളിയെ ആകർഷിക്കാൻ ആൺ ബോവർബേർഡ് വലിയ കൂടുകൾ നിർമ്മിക്കുന്നതാണ് വിളക്കുകളാൽ മനോഹരമാക്കിയിരിക്കുന്നത്. വലിയ ചുവന്ന ചുണ്ടുകളെ ഓർമ്മിപ്പിക്കുന്ന 1500 ലധികം ബള്‍ബുകള്‍ ഒരുമിച്ചുചേരുന്നകാഴ്ച്ചയും ഒരുക്കിയിട്ടുണ്ട്. വിവിധ ആശയങ്ങളെ പ്രതിഫലിപ്പിക്കും വിധമാണ് ഇവയെല്ലാം അവതരിപ്പിച്ചിരിക്കുന്നത്