രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ഭക്ഷ്യ, പാനീയ ഉൽപാദന വിതരണ രംഗത്തെ ഏറ്റവും വലിയ പ്രദർശനമായ ‘ഗൾഫുഡി’ന് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി. ഫെബ്രുവരി 23 വരെ നടക്കുന്ന മേളയിൽ 190 രാജ്യങ്ങളിൽനിന്നുള്ള 5500 കമ്പനികളാണ് പ്രദർശനത്തിനെത്തുന്നത്. 29 -മത് മേളയിൽ ഒന്നരലക്ഷം പ്രതിനിധികൾ പങ്കെടുക്കും. അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ മിക്ക ബ്രാൻഡുകളും എത്തിച്ചേരുന്ന മേളയിൽ കഴിഞ്ഞ വർഷത്തേക്കാൾ റെക്കോഡ് എണ്ണം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
ആകെ 10 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് പ്രദർശനം ഒരുക്കുന്നത്. ഭക്ഷ്യ പ്രദർശനത്തോടൊപ്പം സുസ്ഥിരമായ ആശയങ്ങളും പ്രകൃതിസൗഹൃദ പദ്ധതികളും കമ്പനികൾ അവതരിപ്പിക്കും. എട്ടു മേഖലകളിൽ നിന്നായി ഒരു ലക്ഷത്തിലധികം പുതിയ ഉൽപന്നങ്ങളും നൂതന ആശയങ്ങളും ഇവർ പ്രദർശിപ്പിക്കും. 49 ശതമാനം പുതിയ പ്രദർശകർ ഇത്തവണ മേളയുടെ ഭാഗമാണ്. വിശാലമായ സൗകര്യങ്ങളോടെ 24 ഹാളുകളിലാണ് ഇത്തവണ പ്രദർശനം.
ലോക പ്രശസ്തരായ സെലിബ്രിറ്റി ഷെഫുമാരും മേളയിൽ പങ്കെടുക്കുന്നുണ്ട്. പുതിയ കമ്പനികൾക്ക് പരസ്പരം ചർച്ച ചെയ്യാനും സഹകരണ കരാറുകളിലെത്താനും മേളയെ ഉപയോഗപ്പെടുത്തും. പ്രദർശനവും വിൽപനയും നിക്ഷേപ സാധ്യതകളും തുറന്നിടുന്ന മേളയിൽ ഭക്ഷ്യ ഉൽപന്ന മേഖലയിലെ പുതിയ സാധ്യതകളും പദ്ധതികളും ചർച്ച ചെയ്യും.