ഗ്ലോബൽ വില്ലേജിൽ എത്തുന്ന സന്ദർശകർക്കായി സജ്ജീകരിച്ച പ്രത്യേക വിഭാഗമാണ് റോഡ് ഓഫ് ഏഷ്യ. ഒരു കച്ചവട തെരുവാണിത്. നൈറ്റ് മാർക്കറ്റിനെ ഓർമ്മിപ്പിക്കും വിധമാണ് ഈ തെരുവ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങൾ മാത്രം ഇരുവശങ്ങളിലുമായി വച്ച് വിപണനം നടത്തുന്ന ഒരു പാത. ഇവിടെ സ്വന്തമായി പവിലിയൻ ഉള്ളതും ഇല്ലാത്തതുമായ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ പ്രദർശിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നുണ്ട്.

വിയറ്റ്നാം, നേപ്പാൾ,ശ്രീലങ്ക, ഇന്തോനീഷ്യ, മലേഷ്യ തുടങ്ങി 13 ഏഷ്യൻ രാജ്യങ്ങളുടെ ചെറുകച്ചവട സ്ഥാപനങ്ങൾ ആണ് ഈ തെരുവിലുള്ളത്.
വെറുതെ ഒന്ന് നടക്കാം എന്ന് കരുതിയാലും കൈ നിറയെ വാങ്ങാൻ തോന്നിപ്പിക്കുന്ന തരത്തിൽ വിവിധ വസ്തുക്കൾ. കളിപ്പാട്ടങ്ങൾ മുതൽ വിലയേറിയ പെർഫ്യൂംമുകൾ വളരെ. തിളങ്ങുന്ന വെങ്കല പാത്രങ്ങൾ കണ്ടാൽ ഒന്ന് വാങ്ങിപ്പോകും..
കൈകൊണ്ടുമാത്രം നിർമ്മിച്ച വസ്തുക്കളും, വിവിധ രാജ്യങ്ങളിലെ വസ്ത്രവൈവിധ്യ്ങ്ങളും അങ്ങനെ കാഴ്ചകൾ നിറഞ്ഞ ഒരു ചെറു പാതയാണിത്. വിവിധ തെരത്തിലുള്ള പെർഫ്യൂമുകളുടെയും സുഗന്ധ എണ്ണകളുടയും വലിയ ശേഖരം ഉണ്ട്. ഇഷ്ടത്തിനനുസരിച്ച് ചോദിച്ചു വാങ്ങാം. കംബോഡിയയിൽ നിന്നുള്ള വിവിധ തരത്തിലുള്ള ഊദും ധാരാളമായുണ്ട്. ഏതു വേണമെങ്കിലും തെരെഞ്ഞെടുക്കാം. ആകർഷകമായ കളിപ്പാട്ടങ്ങളുടെയും സുവനീയറുകളും കടകളിൽ നിറഞ്ഞിരിക്കുന്നു.

കാഴ്ചകൾ കണ്ടു നടക്കുമ്പോൾ ക്ഷീണമകറ്റാൻ വിയറ്റ്നാമിൽ നിന്നുള്ള പേരുകേട്ട മംഗോസ്മൂത്തിയും ഇളനീരിൽ തയ്യാറാക്കുന്ന വിഭവങ്ങളും രുചിക്കണമെങ്കിൽ അതും ആവാം. തായ്‌വാൻ ഫ്രൂട്ട് ടി വേണമോ, അതും സന്ദർശകരെ കാത്തു ഇവിടെ തയ്യാറാണ്.

ശ്രീലങ്കൻ ചായപ്പൊടിയും പലതരത്തിലുള്ള മസാലപ്പൊടികളും സുഗന്ധ ദ്രവ്യങ്ങളും കൊതിയൂറുന്ന സ്വാദിലുള്ള ചെറു പലഹാരങ്ങളുമെല്ലാം തന്നെ ഈ തെരുവിന് നൽകുന്നത് തനി ഏഷ്യൻ രാജ്യങ്ങളിലൂടെ ഉള്ള ഒരു സന്ദർശനാനുഭവമാണ്. ശ്രീലങ്കയിൽ നിന്നെത്തിച്ച വിവിധ ചായക്കൂട്ടുകൾ തേടിയും ഈ വഴിയോര കച്ചവട കേന്ദ്രത്തിലേക്ക് ആളുകൾ എത്തുന്നുണ്ട്.
സ്ര്തീകൾക്കും കുട്ടികൾക്കും ആവശ്യമുള്ള വസ്ത്രങ്ങളും ബാഗുകൾ ആഭരണങ്ങൾ എന്നിവയെല്ലാം ഈ തെരുവിനെ മനോഹരമാക്കുന്നു. ഇന്തോനേഷ്യയിൽ നിന്നുള്ള വസ്ത്ര വൈവിധ്യവും ഇവിടെ കാണാം. കൂടാതെ വിയറ്റ്നാമിൽ നിന്നുള്ള കരകൗശല വസ്തുക്കളും, പല തരത്തിലുള്ള സുഗന്ധ എണ്ണകൾ, സൗന്ദര്യവർധക വസ്തുക്കൾ, ഫാഷൻ വസ്ത്രങ്ങൾ എന്നിവയെയല്ലാം ഈ തെരുവിന്റെ മോടി കൂട്ടുകയാണ്. തായ്‌വാനിൽ നിന്നുള്ള ആഭരണങ്ങൾ നിരത്തി അണിഞ്ഞ കടകളും സന്ദർശകരെ മാടിവിളിക്കും. ബാഗുകൾ തേടി പോവുന്നവർക്കു ബലിയിൽ നിന്നുള്ള ഗുണമേന്മയേറിയ ബാഗുകളുടെ ഒരു കലവറയും ഇവിടെ ഉണ്ട്. ചെറിയ മനോഹരമായ കുട്ടകൾ, അങ്ങനെ കണ്ടാൽ തന്നെ എന്തുവിലകൊടുത്തും കൂടെ കൊണ്ടുപോരാൻ തോന്നുന്നവ.

വൈകുന്നേരങ്ങളിൽ ഈ തെരുവിലൂടെ കാഴ്ചകൾ കണ്ട് നടക്കാൻ തന്നെ വലിയ രസമാണ്. നിറഞ്ഞ കാഴ്ചകൾ കണ്ട് ഇടയ്ക്കിടയ്ക്ക് ചെറുസംഘങ്ങളുടെ പാട്ടുകൾ ആസ്വാദിച്ച് കുശലം പറഞ്ഞ് ഒരു തെരുവിലൂടെ പല രാജ്യങ്ങളിൽ എത്തിയ പോലെ സുഖകരമായാ ഒരു സവാരി, അതാണ് ഏവരെയും ഈ തെരുവ് ആകർഷിക്കുന്നത്.