ദുബൈയിലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഗ്ലോബൽ വില്ലേജ് പുതുവത്സരം ആഘോഷിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഇക്കുറി നിരവധി പരിപാടികളാണ് ഗ്ലോബൽ വില്ലേജ് പുതിയ വർഷത്തെ സ്വാഗതം ചെയ്തുകൊണ്ട് ഒരുക്കിയിരിക്കുന്നത്. വിവിധ സാംസ്‌കാരിക പരിപാടികൾക്കൊപ്പം സംഗീതപരിപാടികളും ഗ്ലോബൽ വില്ലേജിൽ അരങ്ങേറും. വിവിധ രാജ്യങ്ങളുടെ പവലിയനുകളിലും വ്യത്യസ്ത പരിപാടികൾ അവതരിപ്പിക്കും.
ഗ്ലോബൽ വില്ലേജിൽ പുതുവത്സരരാവിൽ 7 സമയമേഖലകളിൽ പുതുവർഷം ആഘോഷിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി. രാത്രി എട്ടു മണിക്കാണ് ആഘോഷങ്ങളുടെ തുടക്കംകുറിക്കുക. എല്ലാ വർഷങ്ങളിലെയും പോലെ വിവിധ രാജ്യങ്ങളിൽ പുതുവത്സരപ്പിറവികൾ സംഭവിക്കുന്ന സമയത്ത് പ്രത്യേകമായ ആഘോഷങ്ങളാണ് ഇത്തവണയും ആഗോളഗ്രാമത്തിൽ ഒരുക്കിയിട്ടുള്ളത്. യുഎഇയുമായി 4 മണിക്കൂർ വ്യത്യാസമുള്ള ഫിലിപ്പൈൻസിൽ പുതുവർഷം എത്തുന്ന സമയം അതായത് യുഎഇ സമയം രാത്രി 8 മണിക്ക് ഫിലിപ്പീൻസിനൊപ്പമാണ് പുതുവർഷം തുടങ്ങുന്നത്. 9 മണിക്ക് തായ്‌ലൻഡിന്റെ പുതുവർഷം, 10ന് ബംഗ്ലാദേശും, 10.30ന് ഇന്ത്യയും 11ന് പാക്കിസ്ഥാനും 12ന് യുഎഇയും 1 മണിക്ക് തുർക്കിയും ഗ്ലോബൽ വില്ലേജിൽ പുതുവത്സരം ആഘോഷിക്കും. ഒരു മണിക്ക് തുർക്കിയുടെ പുതുവർഷത്തോടെയാണ് ആഘോഷങ്ങൾ സമാപിക്കുക. ഓരോ പുതുവത്സരപ്പിറവിക്കും കൗണ്ട്ഡൗണും ഗ്ലോബൽ വില്ലേജ് ഒരുക്കുന്ന പ്രത്യേക വെടിക്കെട്ടും ഉണ്ടായിരിക്കും.
ഗ്ലോബൽ വില്ലേജ് പുതുവത്സരം പ്രമാണിച്ച് ഡിസംബർ 31 ശനിയാഴ്ച വൈകീട്ട് നാലിന് ആരംഭിച്ച് പുലർച്ചെ രണ്ടുവരെയാണ് പ്രവർത്തിക്കുക. ശനിയാഴ്ച സ്ത്രീകൾക്കും കുടുംബങ്ങൾക്കും മാത്രമായി സംവരണം ചെയ്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വര്ഷങ്ങളിലേത് പോലെ ഇക്കുറിയും സന്ദർശകർ ഏറെ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ആഘോഷണങ്ങളോടൊപ്പം ഡാൻസ്, ഡിജെ ഉൾപ്പെടെ വമ്പൻ ആഘോഷ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.