ലോകം ഒരു കുടക്കേഴിൽ ഒരുമിക്കുന്ന ആഗോളഗ്രാമത്തിലെ കാഴ്ചകൾക്ക് ഞായറാഴ്ച സമാപനമായി. 2022 ഒക്ടോബർ 27ന് ആരംഭിച്ച ഇന്നലെ അവസാനിച്ച ഗ്ലോബൽ വില്ലേജിന്റെ 27ാം സീസണിന് ഇത്തവണ എത്തിയത് റെക്കോർഡ് സന്ദർശകർ ആണ്. 6 മാസത്തെ ഇടവേളയ്ക്കുശേഷം പുത്തൻ കാഴ്ചകളുടെയും കൗതുകങ്ങളുടെയും ഒരുക്കി 28 ആം സീസൺ ഡിഎസ്എഫിനു മുന്നോടിയായി ഒക്ടോബറിൽ തുറക്കും…
ഏപ്രിൽ 29 ന് അവസാനിക്കുമെന്ന് അറിയിച്ചിരുന്നു ആഗോളഗ്രാമം സന്ദർശകരുടെ തിരക്ക് പരിഗണിച്ച് ഒരു ദിവസം കൂടി നീട്ടുകയായിരുന്നു. അവസാനരണ്ട് ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ രാത്രി രണ്ടുവരെ പ്രവർത്തിച്ച മേളയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഏറ്റവും വലിയ പവലിയനായ ഇന്ത്യ പാവലിയനിലും വൈവിധ്യങ്ങളുടെ കലവറയുമായി എത്തിയ ആഫ്രിക്കൻ പവിലിയനിലുമായിരുന്നു ഇത്തവണ ഏറ്റവും തിരക്ക് അനുഭവപ്പെട്ടത്. ചൈന പവിലിയനിലും ആളുകൾ ധാരാളമായി എത്തി.
വിവിധ രാജ്യങ്ങളുട സംസ്കാരവും സൗന്ദര്യവും പാട്ടും മേളവും നൃത്തവും രുചി വൈവിധ്യങ്ങളും സമ്മേളിച്ച ഗ്ലോബൽ വില്ലേജിന്റെ കവാടങ്ങൾ ലക്ഷക്കണക്കിന് സന്ദർശകരെയായാണ് സ്വീകരിച്ചത്. വ്യത്യസ്തയും വിനോദങ്ങളിലെ പുതുമകളുമായിരുന്നു ഇക്കുറി ആകർഷണം. പ്രതികൂല കാലാവസ്ഥമൂലം ചില ദിവസങ്ങളിൽ മുടങ്ങിയത് ഒഴിച്ചുനിർത്തിയാൽ മറ്റു ദിവസങ്ങളിലെല്ലാം മേള സജീവമായിരുന്നു. ഈ വർഷം ഗ്ലോബൽ വില്ലേജ് 27 പവിലിയനുകൾ, 3,500ലധികം ഷോപ്പിങ് ഔട്ട്ലെറ്റുകൾ, 250ലധികം റസ്റ്റാറന്റുകൾ, കഫേകൾ, തെരുവ് ഭക്ഷണശാലകൾ എന്നിവയെല്ലാം ഒരുക്കിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച കലാകാരൻമാരുടെ പ്രകടനങ്ങൾ, ലോകോത്തര സംഗീത കച്ചേരികൾ, തെരുവ് കലാപ്രകടനങ്ങൾ വാട്ടർ സ്റ്റണ്ട് ഷോ എന്നിവയടക്കം 40,000 ഷോകൾ എന്നിവയും ഇത്തവണ ഒരുക്കിയിരുന്നു.