സൗദി അറേബ്യയുടെ പേരിൽ ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറി കുറിച്ചു. ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ തേരോട്ടം കാണാൻ കാത്തുകാത്തിരുന്ന ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി, ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയ്ക്ക് ഐതിഹാസിക വിജയം. ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി അറേബ്യയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ പിന്നിലായിരുന്ന സൗദി, രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്.
രണ്ടാം പകുതിയുടെ തുടക്കം മുതൽ സൗദി കനത്ത ആക്രമണം അഴിച്ചുവിട്ടാണ് അപ്രതീക്ഷിത ലീഡ് സ്വന്തമാക്കിയത്. നേരത്തെ, സൂപ്പർതാരം ലയണൽ മെസ്സി 10–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് നേടിയ ഗോളാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. മൂന്നു ഗോളുകൾ ഉൾപ്പെടെ ആദ്യ പകുതിയിൽ മാത്രം അർജന്റീനയ്ക്ക് ഏഴു തവണയാണ് സൗദി പ്രതിരോധം ഓഫ്സൈഡ് പൂട്ടിട്ടത്
ലോകമെമ്പാടുമുള്ള ആരാധകരുടെ കിരീട പ്രതീക്ഷകൾക്ക് നിറം പകർന്നാണ് ഖത്തർ ലോകകപ്പിലെ ഗോൾവേട്ടയ്ക്ക് പെനൽറ്റി ഗോളിലൂടെ അർജന്റീനയും മെസ്സിയും തുടക്കമിട്ടത്. ലോകകപ്പ് വേദികളിൽ സമീപകാലത്തായി പിന്തുടരുന്ന ദൗർഭാഗ്യം ഖത്തറിലും പിടികൂടിയെന്ന തോന്നലുയർത്തിയാണ് ആദ്യ മത്സരത്തിൽ അർജന്റീന തോൽവി വഴങ്ങിയത്. ഏറ്റവും ഒടുവിൽ കളിച്ച ആറ് ലോകകപ്പ് മത്സരങ്ങളിൽ അർജന്റീനയുടെ നാലാം തോൽവിയാണിത്. അതിനു മുൻപു കളിച്ച 24 ലോകകപ്പ് മത്സരങ്ങളിൽ അർജന്റീന ആകെ തോറ്റത് മൂന്നു മത്സരങ്ങളിൽ മാത്രമാണ്. 16 മത്സരങ്ങളിൽ ജയിച്ച അവർ, അഞ്ച് മത്സരങ്ങളിൽ സമനില വഴങ്ങി