മനാമ: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴു മാസങ്ങള്‍ക്കിടെ (ഏപ്രില്‍, ഒക്‌ടോബര്‍) ബഹ്‌റൈനിലേക്കുള്ള മൊത്തം കയറ്റുമതി 454.15 മില്യന്‍ ഡോളറെന്ന് ഇന്ത്യന്‍ കയറ്റുമതി ഉന്നത ബോഡിയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ). സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് കീഴില്‍ ബഹ്‌റൈന്‍ ഇന്ത്യയുടെ പ്രധാന വിപണികളിലൊന്നാണെന്നും ഈ മേഖലയില്‍ സ്വതന്ത്ര വ്യാപാര കരാറുകള്‍ വിപുലീകരിക്കുന്നതിനാല്‍ ഇതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും എഫ്‌ഐഇഒ ഡയറക്ടര്‍ ജനറലും സിഇയുമായ ഡോ. അജയ് സഹായ് പറഞ്ഞു. മള്‍ടി സെക്ടര്‍ എക്‌സ്‌പോ ആയ ‘സൂപര്‍ സോഴ്‌സിംഗ് അറേബ്യ 2023’ന് ബഹ്‌റൈന്റെ ആതിഥേയത്വം പ്രഖ്യാപിക്കവേ, ഉഭയ കക്ഷി വ്യാപാരത്തിന് ഗുണം ചെയ്യുന്ന പ്രവണത ശക്തിപ്പെടുത്താന്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ സഹായിക്കുമെന്നും ബഹ്‌റൈനിലേക്കും ജിസിസിയിലേക്കുമുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ സാധ്യതകള്‍ അതിവേഗം വളരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ജനുവരി 8 മുതല്‍ 10 വരെ ക്രൗണ്‍ പ്‌ളാസ ബഹ്‌റൈനിലാണ് സൂപര്‍ സോഴ്‌സിംഗ് അറേബ്യ 2023 എക്‌സ്‌പോ നടക്കുക. നോണ്‍ ഫുഡ്, എഫ്എംസിജി സ്ഥാപനങ്ങള്‍, സ്റ്റേഷനറി-ലൈഫ് സ്‌റ്റൈല്‍-പേപര്‍ ഉല്‍പന്നങ്ങള്‍, പാക്കേജിംഗ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വീടും താമസവും, സുരക്ഷാ ഉപകരണങ്ങള്‍, ആരോഗ്യ സംരക്ഷണം, ഫാഷന്‍ തുടങ്ങി ബഹ്‌റൈന്റെയും ജിസിസിയുടെയും റീടെയില്‍ വ്യവസായത്തിനും ഇകൊമേഴ്‌സ് ഓഹരിയുടമകള്‍ക്കും ഇന്ത്യന്‍ കയറ്റുമതിക്കാരുമായി വ്യത്യസ്ത തലങ്ങളില്‍ ഇടപഴകാനുള്ള അവസരമായിരിക്കും ഈ പ്രദര്‍ശനം. ദുബായ് ആസ്ഥാനമായ വെരിഫെയര്‍ ആണ് വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണിയുള്‍ക്കൊള്ളുന്ന സൂപര്‍ സോഴ്‌സിംഗ് അറേബ്യ 2023 എക്‌സ്‌പോയുടെ സംഘാടകര്‍. 2021-’22 സാമ്പത്തിക വര്‍ഷത്തില്‍ ജിസിസിയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി 44 ശതമാനം വളര്‍ച്ചയോടെ 43.9 ബില്യണ്‍ യുഎസ് ഡോളറിന്റേതായിരുന്നുവെന്ന് അജയ് സഹായ് വെളിപ്പെടുത്തി. എഫ്‌ഐഇഒയുടെ അഭിപ്രായ പ്രകാരം യുഎഇയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി 68 ശതമാനമായി വളര്‍ന്നു. സഊദിയിലേക്ക് 49 ശതമാനവും ഒമാനിലേക്ക് 33 ശതമാനവും ഖത്തറിലേക്ക് 43 ശതമാനവും കുവൈത്തിലേക്ക് 17 ശതമാനവുമായാണ് കയറ്റുമതി വളര്‍ച്ചയുണ്ടായത്.