ഫെഡറൽ ബാങ്ക് പ്രവാസികൾക്കായി പുതിയ എൻ.ആർ.ഇ സേവിങ്സ് അക്കൗണ്ട് പുറത്തിറക്കി. ‘പ്രോസ്പെര’ എന്ന പേരിലുള്ള പുതിയ അക്കൗണ്ട് 60 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ, എയർപോർട്ട് ലോഞ്ച് ആക്സസ്, ഡെബിറ്റ് കാർഡ് റിവാർഡ് പോയിന്‍റ് തുടങ്ങിയ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നതാണ്. ഫെഡറൽ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ കെ.വി.എസ്. മണിയനാണ് ദുബൈയിൽ വാർത്താസമ്മേളനത്തിൽ പ്രവാസികൾക്കായി നടപ്പാക്കുന്ന പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.
ഗൾഫ് മേഖലയിലെ പ്രവാസി സമൂഹവുമായി ഫെഡറൽ ബാങ്കിന് സുദൃഢമായ ബന്ധമാണെന്നും ഫെഡറൽ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ വി എസ് മണിയൻ പറഞ്ഞു. 2024 സെപ്റ്റംബറിൽ ചുമതലയേറ്റെടുത്ത ശേഷം അന്താരാഷ്ട്ര തലത്തിലെ ആദ്യ പത്രസമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കെ വി എസ് മണിയൻ. കഴിഞ്ഞ പതിനേഴു വർഷമായി യുഎഇയിലുള്ള ബാങ്കിന്റെ പ്രതിനിധികാര്യാലയം നിർവഹിക്കുന്ന സേവനങ്ങളെക്കുറിച്ചും കെ വി എസ് മണിയൻ വിശദീകരിച്ചു. ഏഴുപതിറ്റാണ്ടിലധികമായി ലോകമെമ്പാടുമുള്ള പ്രവാസികളുടെ സാമ്പത്തിക അഭിലാഷങ്ങൾ സഫലീകരിക്കാനും നാടുമായുള്ള ആത്മബന്ധം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന ഒരു വിശ്വസ്തപങ്കാളിയാണ് ഫെഡറൽ ബാങ്ക് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനധികൃത സ്രോതസുകളിൽ നിന്ന് പണമെത്തിയതിന്റെ പേരിൽ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളും പണവും മരവിപ്പിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
ഫെഡ് മൊബൈൽ ആപ്പ് വഴി പ്രവാസികൾക്ക് പി.ഐ.എസ് അക്കൗണ്ട് തുടങ്ങാൻ സൗകര്യമൊരുക്കുന്ന പുതിയ സംവിധാനത്തിന്‍റെ ഉദ്ഘാടനം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഇക്‌ബാൽ മനോജ് നിർവഹിച്ചു. ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഡെപ്പോസിറ്റ്സ്, വെൽത് ആൻഡ് ബാൻകാ കൺട്രി ഹെഡുമായ ജോയ് പി വി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിംഗ് ഹെഡുമായ ഇക്ബാൽ മനോജ്, അബുദാബിയിലെ ചീഫ് റെപ്രസന്റേറ്റീവ് ഓഫീസർ അരവിന്ദ് കാർത്തികേയൻ, ദുബായിലെ ചീഫ് റെപ്രസെന്റേറ്റീവ് ഓഫീസർ ഷെറിൻ കുര്യാക്കോസ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.